ഈ ബ്ലോഗ് തിരയൂ

2010, ജനുവരി 5, ചൊവ്വാഴ്ച

കഥ : അശോകസ്തംഭം വീണ വായിക്കുന്നു

""നിര്‍ണ്ണായകമായ കാര്യങ്ങളില്‍'' രവിശങ്കര്‍  അങ്ങനെയാണ് ആരംഭിച്ചത്, ""നിര്‍ണ്ണായകമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ മൂന്നാമതൊരു ചിന്തകൂടി ആവശ്യമുണ്ട്.''
""ഹേ, സദാചാരവാദീ മിണ്ടാതിരിക്ക്. ഔപചാരികതകള്‍ക്ക് പ്രസക്തി നഷ്ടമായ കാലമാണിത്. എന്തെങ്കിലും ഫോര്‍മാലിറ്റി  ഒരുവന്‍ കാണിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ ഒരു കാല്‍ക്കുലേഷന്‍ ഉണ്ടാകും. നിനക്ക് വെറും സാക്ഷിയുടെ ഭാഗമേയുള്ളൂ. നിന്റേതല്ല  ഇന്നത്തെ ചിലവുകളെന്നെ കാര്യവും മറന്നു പോകണ്ട'' അനില്‍ ദത്ത് പറഞ്ഞു നിര്‍ത്തി.
രവിശങ്കറിന്റെ മൗനത്തില്‍ ചോദ്യം നിറഞ്ഞു. പ്രശാന്തന്‍ ഫലിതം പോലെ ആരംഭിച്ചു. ""പ്രണയത്തിന്റെ കമ്പോളനിലവാരം കുത്തനെ ഇടിയുകയാണ്.  ഈയൊരവസരത്തില്‍ നിലവിലുള്ള പ്രണയങ്ങളെങ്കിലും പരിശുദ്ധിയോടെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയായിരിക്കും രവിശങ്കറിനെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത്. പക്ഷേ സന്യാസീ നോക്ക്, ഈറ്റ്, ഡ്രിങ്ക് ആന്റ്... ആന്റ്.... മണ്ണാങ്കട്ട. എന്തായാലും ടൂമാറോ വീ വില്‍ ഡൈ. അതുകൊണ്ട് ഇന്നിന്റെ ഒരു നിമിഷവും നാം പാഴാക്കരുത്.''
""നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ''- അപ്പോള്‍ അങ്ങനെ പറയാനാണ് രവിശങ്കറിന് തോന്നിയത്, ""നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ കണ്ണികള്‍ പിന്നീടൊരിക്കലും തിരിച്ചു കിട്ടിയില്ലെന്നിരിക്കും. ഗോകുല്‍ നമ്മുടെ രക്തം പോലെയല്ലേ നമുക്ക്.''
ചര്‍ച്ചയില്‍ താല്പര്യമില്ലാത്തതു പോലെ പ്രശാന്തന്‍ എഴുന്നേറ്റ് നീണ്ടൊരു കോട്ടുവായിട്ട് വീഡിയോ കാസറ്റുകള്‍ക്കു സമീപത്തേക്ക് പോയി. ഡ്രായില്‍ കാസറ്റു തിരയുന്നതിനിടയില്‍ ജനാലയിലൂടെ അയാള്‍ അലസമായി താഴേക്ക് നോക്കി. വെയിലിന്റെ കാഠിന്യം കുറഞ്ഞതു കൊണ്ടാകാം നിരത്തില്‍ തിരക്കേറിയിരിക്കുന്നു. വിരാമമില്ലാത്ത വാഹനങ്ങളുടെ നിര. ഏതോ പോപ്പ് മ്യൂസിക്കിന്റെ കാസറ്റ് തെരഞ്ഞു പിടിച്ച് വി.സി.പി യില്‍ നിക്ഷേപിച്ചു. ശബ്ദങ്ങളുടെ വലിയൊരു സ്‌ഫോടനത്തോടെ ടി.വി. തെളിഞ്ഞു. കസേരയില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് അയാള്‍ താളമടിക്കാന്‍ തുടങ്ങി.
പ്രശാന്തന്റെ ചലനങ്ങളില്‍ അല്പനേരം ശ്രദ്ധാലുവായിട്ട് അനില്‍ദത്ത് രവിശങ്കറിന്റെ നേര്‍ക്ക് തിരിഞ്ഞു. ""ചങ്ങാതീ, നമ്മുടെ രക്തം തന്നെയാണ് നമ്മെ ചതിച്ചുകൊണ്ടിരിക്കുന്നത്. സ്വസ്ഥമായൊരു സഹശയനം പോലും അസാദ്ധ്യമാവുകയാണ്. ഗോകുല്‍ നമ്മുടെ  ഉറ്റമിത്രമാണ്. അവന്റെ പ്രണയവാര്‍ഷികം ഒരാഘോഷമാക്കേണ്ടത് നമ്മുടെ ആവശ്യമാണ്.''
""അപ്പോള്‍ തിരിച്ച് നമ്മെ സന്തോഷിപ്പിക്കേണ്ടത് അവന്റെയും  കടമയല്ലേ?'' പ്രശാന്തന്‍ അനില്‍ദത്തിന്റെ തുടര്‍ച്ചയായി.
""റൈറ്റ്, യു ആര്‍ റൈറ്റ്. പൂച്ച സന്യാസി നോക്ക്, സ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പുകളെ ആവശ്യമില്ല. ഗോകുലിനേയും സ്‌നേഹയേയും ഞങ്ങള്‍ ട്രീറ്റുചെയ്തുകൊള്ളാം.'' അനില്‍ദത്ത്.
""ഈ രക്തത്തിന്റെ ഓഹരി'' രവിശങ്കര്‍ നിരാശതയോടെ പറഞ്ഞു ""ഈ രക്തത്തിന്റെ ഓഹരി എനിക്കുവേണ്ട.''
""മാംസത്തിന്റെ എന്നു തിരുത്ത്. നീ നല്ലവന്‍. കുറുക്കാ, നീയൊരു നല്ല കാഴ്ചക്കാരനാക്.'' പ്രശാന്തന്‍ തുടയില്‍ താളമടിക്കുന്നത് തുടര്‍ന്നുകൊണ്ട് പറഞ്ഞു. ""എന്നിട്ട് പ്രണയത്തിന്റെ രക്തസാക്ഷിത്വം എന്നൊരു പ്രബന്ധമെഴുതി ഏതെങ്കിലും അവാര്‍ഡ് തരമാക്ക്.''
""ശ്ശ്....'' അനില്‍ദത്ത് ചുണ്ടില്‍ വിരല്‍ വച്ച് സംഭാഷണം വിലക്കിക്കൊണ്ട് പുറത്തേക്ക് ചൂണ്ടി. ""വരുന്നുണ്ട്.''
""ഋഷിവര്യാ'' രവിശങ്കറിനെ നോക്കി അല്പം കഠിനസ്വരത്തില്‍ പ്രശാന്തന്‍ പറഞ്ഞു. ""അസ്ഥാനങ്ങളില്‍ ഇടപെടരുത്''
ഗോകുലും സ്‌നേഹയും മുറിയിലേക്ക് പ്രവേശിച്ചതും മൂവരും എഴുന്നേറ്റ് മുന്‍കൂട്ടി തീരുമാനിച്ചപോലെ ശിരസ്സു കുനിച്ച് അഭിവാദ്യം ചെയ്തു.  ഒരു കോറസിന്റെ നിര്‍ണ്ണയിക്കപ്പെട്ട ചലനങ്ങള്‍  പോലെയായിരുന്നു അവരുടെ നീക്കങ്ങള്‍. ഇരുവര്‍ക്കും കസേരകള്‍ നീക്കിയിട്ട് ഉപവിഷ്ടരാക്കുന്നതിനിടയില്‍ പ്രശാന്തന്‍ വീഡിയോ ക്യാമറ റെഡിയാക്കി.
""ഇതാണ് ഞാന്‍ പറഞ്ഞ ചങ്ങാതികള്‍.'' നേരിയൊരസഹിഷ്ണുതയോടെ ഇരിക്കുന്ന സ്‌നേഹയോട് ഗോകുല്‍ പറഞ്ഞു. ""ഇത് രവിശങ്കര്‍. മോറല്‍ വാല്യൂസ് ഇന്‍ അര്‍ബന്‍ ലൈഫ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു. ആളൊരു ബുദ്ധിജീവിയാണ്. ഇത് പ്രശാന്തന്‍, ബിസിനസ് മാനാണ്. പിന്നെ അനില്‍ദത്തിനെ പരിചയപ്പെട്ടിട്ടുണ്ടല്ലോ.'' ഓരോരുത്തര്‍ക്കും നേരെ വിടര്‍ന്ന കണ്ണുകളോടെ സ്‌നേഹ ശിരസ്സു കുനിച്ച് ആദരവ് പ്രകടിപ്പിച്ചു.
അനില്‍ദത്ത് കസേരയില്‍ നിന്നെഴുന്നേറ്റ് തൊണ്ട ശരിയാക്കി പതിഞ്ഞ ശബ്ദത്തില്‍ ആരംഭിച്ചു. ""നേരിട്ട് ചടങ്ങിലേക്കു പ്രവേശിക്കാം. ഗോകുലിന്റേയും സ്‌നേഹയുടെയും അഞ്ചാം പ്രണയവാര്‍ഷികം നാമിന്ന് സമുചിതമായി ആഘോഷിക്കുകയാണ്. അര്‍ത്ഥശോഷണം സംഭവിച്ച ഒരു പദമായിട്ടാണ് പ്രണയത്തെ ഇന്നെല്ലാവരും കണക്കാക്കുന്നത്. പുതിയ കാലത്തില്‍ ഈയൊരു വികാരം അസംബന്ധവും   അനാവശ്യവുമാണെന്നു വരെ വാദിക്കുന്ന ചില അരാജകവാദികളുണ്ട്. എന്നാല്‍ കാലത്തിന്റെ കീഴ്‌മേല്‍ മറിച്ചിലുകള്‍ക്കൊന്നും ആത്മാര്‍ത്ഥ പ്രണയത്തേയോ അതിന്റെ  വിശുദ്ധിയേയോ തൊടാനായിട്ടില്ലെന്നത് ഒരു വാസ്തവം മാത്രമാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലെങ്കില്‍  ജീവിതത്തിനെന്താണൊരു രസം. ഇത്തരം ചിന്തകളിലേക്കൊക്കെ എന്റെ മനസ്സു പോകുന്നത്. ഗോകുലിന്റേയും സ്‌നേഹയുടെയും പ്രണയത്തിന്റെ ആഴവും പവിത്രതയും കാണുമ്പോഴാണ്.''
""നീണ്ട പ്രസംഗങ്ങള്‍'' രവിശങ്കര്‍ പറഞ്ഞു. ""നീണ്ട പ്രസംഗങ്ങള്‍ ഈയൊരു ചടങ്ങിന് അനാവശ്യമായ ആഡംബരമാണ്. പ്രണയജോഡിയെ അനുമോദിക്കുകയും അവരുടെ ആഹ്ലാദം പങ്കിടുകയുമാണ് നമ്മുടെ പ്രധാന ദൗത്യം. മാത്രമല്ല ഇന്നത്തെ ദിവസം നാമവരുടെ കൂടുതല്‍ സമയം അപഹരിക്കുന്നതും ശരിയല്ല.''
""ഔചിത്യവാദി മിണ്ടാതിരി. ചെറുപ്പക്കാരുടെയിടയില്‍ ക്രിയാത്മക സംവാദങ്ങള്‍ കുറയുന്നതിനെക്കുറിച്ചും മൂല്യങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത നഷ്ടപ്പെടുന്നതിനെക്കുറിച്ചും നീയല്ലേ രണ്ടു ദിവസം മുമ്പ് വിലപിച്ചത്.'' പ്രശാന്തന്‍ സംതൃപ്തിയോടെ അനില്‍ ദത്തിനെ നോക്കി.
അനില്‍ ദത്ത് പറഞ്ഞു. ""ഈ വേളയിലെ പ്രാഥമിക ചടങ്ങ് നടക്കട്ടെ, ഗോകുലും സ്‌നേഹയും അവരുടെ പ്രണയോപഹാരങ്ങള്‍ പരസ്പരം കൈമാറുന്നു. അങ്ങനെ അഞ്ചാം പ്രണയവാര്‍ഷികത്തിന് തുടക്കമാകുന്നു.''
നിറഞ്ഞ പുഞ്ചിരിയോടെ ഗോകുലും സ്‌നേഹയും എഴുന്നേറ്റു. രണ്ടുപേരും അവരവരുടെ കൈകളിലിരുന്ന പായ്ക്കറ്റുകള്‍ തുറന്നു. അതിനുള്ളിലെ റോസാപുഷ്പങ്ങള്‍ പരസ്പരം കൈമാറി. സദസ്സ് ഒന്നാകെ കയ്യടിച്ചു. രവിശങ്കര്‍  ടീപ്പോ മുറിയുടെ മധ്യത്തിലേക്ക് നീക്കിയിട്ടു. അനില്‍ദത്ത് വലിയൊരു കേക്ക് ടീപ്പോയില്‍ കൊണ്ടുവച്ചു.  പ്രശാന്തന്‍  കതകടച്ച് കുറ്റിയിട്ട് തിരികെ വന്നു പറഞ്ഞു. ""നമ്മുടെ സ്വകാര്യതയില്‍ ദുര്‍മുഖങ്ങള്‍ കടന്നു വരരുത്. ശരി ഇനി നമ്മുടെ  അതിഥികള്‍ ഇരുവരും ചേര്‍ന്ന് ഈ കേക്ക് മുറിച്ച് ചടങ്ങിന്റെ വേഗത വര്‍ദ്ധിപ്പിക്കട്ടെ.''
ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് പരസ്പരം കൈമാറി. മൂവര്‍ക്കും വിതരണം ചെയ്തു.
""ഈ ധന്യമുഹൂര്‍ത്തത്തില്‍'' രവിശങ്കര്‍ ഉന്മേഷവാനായി, ""ഈ ധന്യ മുഹൂര്‍ത്തത്തില്‍ ഗോകുല്‍ നമുക്ക് മുന്നില്‍ മനസ്സു തുറക്കട്ടെ. അവനു പറയാനുള്ളതൊക്കെ കേള്‍ക്കട്ടെ. സ്‌നേഹയ്ക്കും ഒപ്പം കൂടാം.'' എല്ലാവരും അത് ശരിവച്ചു.
ഗോകുല്‍ നേരിയ സങ്കോചത്തോടു കൂടിയാണ് സംസാരിച്ചു തുടങ്ങിയത്. ""സ്‌നേഹം സമുദ്രമെന്നറിയുക മനസ്വിനി, സ്‌നേഹിപ്പവര്‍ക്കില്ല സ്വാസ്ഥ്യവും ശാന്തിയും എന്ന വിനയചന്ദ്രന്റെ വരികള്‍ മാത്രമേ എനിക്കീയവസരത്തില്‍ പറയാനുള്ളൂ. സ്‌നേഹയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്‍ തുടര്‍ന്നു. ""സത്യത്തില്‍ ഞാന്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നറിഞ്ഞതുതന്നെ എന്നില്‍ പ്രണയ സൂര്യന്‍ ഉദിച്ചതോടുകൂടിയാണ്. പ്രണയമില്ലെങ്കില്‍ ലോകമില്ലെന്ന് ഇന്ന് ഞാനറിയുന്നു. പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രണയത്തിന്റെ അച്ചുതണ്ടിലാണ്.''
""സ്‌നേഹ എന്തു പറയുന്നു?'' അനില്‍ ദത്ത് അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു. ""ഗോകുലിനൊപ്പം നടന്ന് അവന്റെ കവിഹൃദയം സ്‌നേഹയ്ക്കും കിട്ടിയിരിക്കും.''
സങ്കോചത്തോടെ അവള്‍ പറഞ്ഞു. ""എനിക്കൊന്നുമറിയില്ല.''
""ഇതാണ് സ്ത്രീയുടെ കുഴപ്പം.'' പ്രശാന്തന്‍ പറഞ്ഞു. ""എന്തിലും എടുത്തു ചാടും. എന്നിട്ട് തനിക്കൊന്നുമറിയില്ലെന്ന നിലപാടും.''
സ്‌നേഹ ഒളികണ്ണിട്ട് ഗോകുലിനെ നോക്കി  ലജ്ജിതയായി.
""അതിരിക്കട്ടെ, ഗോകുല്‍, നീ ഇപ്പോഴും നിന്റെ പഴയ നിലപാടു മാറ്റിയിട്ടില്ലേ.'' അനില്‍ ദത്തു ചോദിച്ചു. ""പ്രണയത്തിന്റെ ഡിവൈനിറ്റി അങ്ങനെയാണല്ലോ നീ പറയാറുള്ളത്, ആ ഡിവൈനിറ്റി ഇപ്പോഴും നിലനിര്‍ത്തുകയാണോ?''
""ചങ്ങാതിമാരെ, ഇക്കാര്യത്തില്‍ ഞാനല്പം കണ്‍സര്‍വേറ്റീവാണ്.'' റോസാപ്പൂവിന്റെ ദലമടര്‍ത്തി അതിന്റെ സുഗന്ധം ശ്വസിച്ചുകൊണ്ട് ഗോകുല്‍ പറഞ്ഞു. ""ശരീരകേന്ദ്രിതമായ പ്രണയം ഒരുതരം അപരിഷ്കൃതത്വമാണ്. പ്രണയം ആത്മാവിന്റെ വിനിമയമാണ്. വിവാഹത്തിനു മുമ്പ് അതിസാഹസങ്ങള്‍ കാട്ടി അത്ര ഫോര്‍വേഡാകണ്ടെന്ന് ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചതാണ്.''
""ഇക്കാര്യത്തില്‍'' രവിശങ്കറാണ്. ""ഇക്കാര്യത്തില്‍ ഞാന്‍ ഗോകുലിനും സ്‌നേഹയ്ക്കുമൊപ്പമാണ്. എല്ലാം കച്ചവടവല്‍ക്കരിക്കപ്പെട്ട ഒരു ലോകത്തില്‍ പ്രണയവും അതിന്റെ ഭാഗമായി മാറും. ഇവിടെയാണ് ഇവര്‍ ഒരപവാദം പോലെ മുന്നോട്ട് പോകുന്നത്. ഈ ആദര്‍ശനിഷ്ഠയെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. നിങ്ങളുടെ അഞ്ചാം പ്രണയവാര്‍ഷികത്തിന് എന്റെ ഭാവുകങ്ങള്‍''
""ഭ്രാന്തന്‍ സന്യാസീ മിണ്ടാതിരി.'' പ്രശാന്തന്‍ കുപ്പിപൊട്ടിച്ചുകൊണ്ട് പറഞ്ഞു. ഗോകുലിന്റെയും സ്‌നേഹയുടെയും മുഖത്ത് ഉത്കണ്ഠ പടരുന്നത് മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരുന്നില്ല. അഞ്ചു ഗ്ലാസ്സുകളിലായി വിസ്കിയും സോഡയും നിറഞ്ഞു. അനില്‍ദത്ത് രണ്ട് ഗ്ലാസുകളുമെടുത്ത് ഗോകുലിനും സ്‌നേഹയ്ക്കുമടുത്ത് ചെന്നു.
""പ്രണയത്തിന് നിത്യവസന്തം നേര്‍ന്നുകൊണ്ട് ഇത് കഴിക്കൂ.'' സ്‌നേഹയുടെ മുഖത്ത് ഭീതി നിറഞ്ഞു. ഗോകുല്‍ ഭയം പുറത്തുകാട്ടാതെ ചിരിക്കാന്‍ ശ്രമിച്ചു.
""അനില്‍ തമാശ കളയൂ. ഞാനിത് കഴിക്കില്ലെന്നറിയില്ലേ. ഞങ്ങള്‍ക്കുടനേ പോകേണ്ടതുണ്ട്. പ്രധാന ചടങ്ങു കഴിഞ്ഞില്ലേ. ഇനി ഞങ്ങള്‍ പോകട്ടെ.''
""ചടങ്ങുകള്‍ തുടങ്ങിയതല്ലേയുള്ളൂ. ശരി, നിങ്ങള്‍ക്കു വേണ്ടെങ്കില്‍ വേണ്ട. നിങ്ങളുടെ ആരോഗ്യത്തിനു വേണ്ടി ഞാന്‍ കുടിക്കാം.'' പറഞ്ഞു തീര്‍ത്തതും ഒന്നിനു പുറകേ ഒന്നായി രണ്ടു ഗ്ലാസ്സുകളും അനില്‍ദത്ത് കാലിയാക്കിയതും ഒന്നിച്ചായിരുന്നു.
""ചിന്തകാ കുടിക്ക്.'' പ്രശാന്തന്‍ ഗ്ലാസ് രവിശങ്കറിന് നേരെ നീട്ടി. ""ഓ, താന്‍ മദ്യവിരോധിയാണല്ലോ, വേണ്ട.'' അയാളും നിമിഷനേരം കൊണ്ട് ഗ്ലാസ്സുകള്‍ രണ്ടും കാലിയാക്കി.
""ചിന്തകള്‍ സ്വരരാഗ ഗംഗാപ്രവാഹം പോലെ പുറത്തേക്ക് വരണമെങ്കില്‍ മദ്യപിക്കണം. ഇതാ ഇങ്ങനെ.'' അനില്‍ ദത്ത് വീണ്ടും ഗ്ലാസ് നിറച്ച് അകത്താക്കി.
""ഗോകുല്‍, നമുക്ക് പോകാം.'' സ്‌നേഹയുടെ കണ്ണുകളില്‍ ഭയത്തിന്റെ തിരയിളക്കം. അവളുടെ വാക്കുകള്‍ വിറച്ചിരുന്നു. ""വരൂ, നമുക്ക് പോകാം.'' അവള്‍ ഗോകുലിന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.
""നില്‍ക്ക് പെങ്ങളെ.'' അനില്‍ദത്തിന്റെ കാലുകള്‍ക്ക് നിയന്ത്രണം തെറ്റിത്തുടങ്ങിയിരുന്നു. ""ഇന്നു നിങ്ങളുടെ പ്രണയവാര്‍ഷികമല്ലേ. നിങ്ങളുടെ സന്തോഷം ഞങ്ങള്‍ക്കുമാഘോഷിക്കണം.''
""റൈറ്റ്.'' സ്ഫുടതയില്ലാത്ത വാക്കുകളില്‍ പ്രശാന്തന്‍ തുടര്‍ന്നു. ""നാമിന്ന് കൂട്ടായി ആഘോഷിക്കുന്നു. നമുക്ക് ആടാം പാടാം, കമോണ്‍ മൈ സ്വീറ്റ് ഗേള്‍.''
ഗോകുല്‍ വിയര്‍ത്തു തുടങ്ങിയിരുന്നു. സ്‌നേഹ അയാളുടെ ചുമലില്‍ പിടിച്ച് വിറച്ചു നിന്നു.
""പ്ലീസ് ഞങ്ങള്‍ പോകട്ടെ.'' പതറിയ സ്വരത്തില്‍ ഗോകുല്‍ പറഞ്ഞു. ""നിങ്ങള്‍ പാര്‍ട്ടി തുടരൂ. ഞങ്ങള്‍ക്ക് വേറെയും തിരക്കുണ്ട്.''
""ശ്ശെ! അതെന്തു പോക്ക്. നമുക്ക് ആഘോഷിക്കണ്ടേ. ഇതൊന്നും കണ്ട് ഭയപ്പെടണ്ട. വീ ആര്‍ ഗോയിംഗ് ടു ട്വന്റി ഫസ്റ്റ് സെഞ്ച്വറി.'' ഒരു നിമിഷം നിശ്ശബ്ദനായി, കട്ടിലില്‍ കിടന്ന് ഏതോ ഇംഗ്ലീഷ് മാഗസിന്‍ അലസമായി മറിച്ചു നോക്കുന്ന രവിശങ്കറെ നോക്കി അനില്‍ദത്ത് പറഞ്ഞു. ""കൊച്ചു തെമ്മാടീ എഴുന്നേറ്റ് വാ. ഒരു കൂട്ട നൃത്തത്തോടെ തുടങ്ങാം.''
""ഒരു  നല്ല മുഹൂര്‍ത്തത്തിന്റെ'' രവിശങ്കര്‍ പറഞ്ഞു ""ഒരു നല്ല മുഹൂര്‍ത്തത്തിന്റ ആഹ്ലാദം കെടുത്തുന്നതെന്തിന്? അവര്‍ പോകട്ടെ, വിട്ടേക്കൂ.''
""വരൂ.'' ഗോകുല്‍ സ്‌നേഹയുടെ കൈപിടിച്ച് വാതിലിനടുത്തേക്ക് നീങ്ങി. പ്രശാന്തന്‍ പെട്ടെന്ന് മുന്നില്‍ കടന്ന് വാതിലിന് കുറുകെ നിന്നു.
""ആതിഥേയരെ അപമാനിക്കരുത്.'' പ്രശാന്തന്റെ നാവു കുഴഞ്ഞി
രുന്നു. ""ചടങ്ങുകള്‍ പൂര്‍ത്തിയായിട്ട് ഇവിടം വിട്ടാല്‍ മതി.''
ഗോകുല്‍ സ്തബ്ധനായി നിന്നു. സ്‌നേഹയുടെ അമര്‍ത്തിയ തേങ്ങല്‍ കണ്ണീരായി . ഗോകുല്‍ വീണ്ടും മുന്നോട്ട് നീങ്ങി വാതിലിന്റെ തഴുതില്‍ കൈവച്ചു.
""തിരക്കു കൂട്ടാതെ റോമിയോ.'' അനില്‍ ദത്ത് ഒരു ഗ്ലാസ്സ് മദ്യവുമായി ഗോകുലിന് മുന്നിലെത്തി. പ്രശാന്തന്‍ അവന്റെ മുഖം പുറകോട്ട് ചരിച്ചതും അനില്‍ദത്ത് മദ്യം വായിലേക്കൊഴിച്ചതും നിമിഷം കൊണ്ടായിരുന്നു. ഗോകുലിന്റെ അതിശക്തമായ കുതറലില്‍ ഗ്ലാസ് തെറിച്ച് രവിശങ്കറിന്റെ കിടക്കയില്‍ വീണു. സ്‌നേഹ ഉറക്കെ നിലവിളിച്ചുകൊണ്ട് ഗോകുലിനെ ചേര്‍ത്തു പിടിച്ചു.
രവിശങ്കര്‍ വേഗം എഴുന്നേറ്റ് ഗോകുലിനെ മാറ്റി നിര്‍ത്തി. ഭയന്നു വിറച്ചു പരസ്പരം നോക്കി നില്‍ക്കുന്ന ഗോകുലും സ്‌നേഹയും.
""സൗഹൃദത്തിന്റെ കണ്ണികള്‍'', അയാള്‍ അനില്‍ദത്തിനെ നോക്കി പറഞ്ഞു, ""സൗഹൃദത്തിന്റെ കണ്ണികള്‍ നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും തിരിച്ചു കിട്ടിയെന്നു വരില്ല. പ്ലീസ്, അവരെ പോകാനനുവദിക്കൂ.'' അയാള്‍ കതകിനടുത്തേക്ക് നടന്നു.
""നല്ല ശമരിയാക്കാരാ'' പ്രശാന്തന്‍ അയാളുടെ കോളറില്‍ പിടിച്ച് പുറകോട്ട് വലിച്ചു. ""നിനക്ക് പ്രേക്ഷകന്റെ  ഭാഗമേയുള്ളൂ. പോയിക്കിടക്ക്. രവിശങ്കര്‍ അനുസരണയുള്ള ആട്ടിന്‍കുട്ടിയെപ്പോലെ കട്ടിലിലേക്ക് പോയി. ഏതോ മാഗസിനെടുത്തു നിവര്‍ത്തി.
""ഡാര്‍ലിംഗ്, ഏതൊരു നല്ല സ്ത്രീയും ആദ്യം ഒരു പാപിനിയായിരിക്കും. അങ്ങനെയായെങ്കില്‍ മാത്രമേ മോക്ഷത്തിന്റെ മാര്‍ഗ്ഗം തെളിയൂ.'' പ്രശാന്തന്‍ സ്‌നേഹയുടെ മുന്നിലേക്ക് ചുവടുവച്ച് കൊണ്ട് പറഞ്ഞു. ""മഗ്ദലനമറിയ, വാസവദത്ത, പിംഗള, നോക്കൂ, ഇവരൊക്കെ ഏതു വഴിയിലൂടെ വന്നവരായിരുന്നു.'' സ്‌നേഹ ഗോകുലിലേക്ക് കൂടുതല്‍ അടുത്തു. അവളുടെ കണ്ണുകള്‍ നീര്‍ച്ചാലുകളായി. പ്രശാന്തന്‍ പൊടുന്നനെ അവളുടെ കവിളില്‍ ചുംബിക്കാനാഞ്ഞതും ഗോകുല്‍ കൈ ഉയര്‍ത്തും മുമ്പേ അനില്‍ ദത്തിന്റെ ബലിഷ്ഠമായ കൈ അവന്റെ ചെകിടത്തു പതിഞ്ഞു. അയാളുടെ വലംകാല്‍ നാഭിയില്‍ പതിച്ചതോടെ ഒരാര്‍ത്തനാദത്തോടെ ഗോകുല്‍ നിലത്തു വീണു. സ്‌നേഹയുടെ നിലവിളി ഗോകുലിന്റെ വലം കയ്യില്‍ തട്ടി നിശ്ശബ്ദമായി.
രവിശങ്കര്‍ പുസ്തകം വായിക്കുകയാണ്.
അനില്‍ദത്ത് ഗോകുലിനെ വലിച്ചുയര്‍ത്തി കസേരയിലിരുത്തി. അലമാര തുറന്ന് പ്ലാസ്റ്റിക് കയറെടുത്ത് ബലിഷ്ഠമായി വരിഞ്ഞു മുറുക്കി. വായ വലിച്ച് തുറന്ന് കുറെ പഴംതുണികള്‍ തിരുകിക്കയറ്റി. പിന്നീട് വീഡിയോ ക്യാമറ സ്റ്റാന്‍ഡില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തന ക്ഷമമാക്കി. അടുത്ത കസേരയിലേക്ക് വീണ് ക്ഷീണമകറ്റി.
രവിശങ്കര്‍ ചിന്തിക്കുകയാണ്.
നിലത്തു നിന്ന് കിതപ്പോടെ പ്രശാന്തന്‍ എഴുന്നേറ്റു. അനില്‍ ദത്ത് അയാള്‍ക്ക് കസേര ഒഴിഞ്ഞു കൊടുത്തു. പിന്നീടയാള്‍ വന്യമായ ഒരാക്രോശത്തോടെ നിലത്തേക്ക് കുതിച്ചു. ദുര്‍ബ്ബലമാകുന്ന ഞരക്കങ്ങള്‍...
രവിശങ്കര്‍ മയങ്ങുകയാണ്.
കസേരയില്‍ അനില്‍ദത്താണ്.
രവിശങ്കര്‍ ടെലിവിഷന്‍ കാണുകയാണ്.
കസേരയില്‍ പ്രശാന്തനാണ്.
രവിശങ്കര്‍ പുസ്തകം വായിക്കുകയാണ്.
കസേരയില്‍.... കസേരയില്‍....കസേരയില്‍....
കരുത്തിന്റെ അവസാനത്തെ കണികയും നഷ്ടമായപ്പോള്‍ പ്രശാന്തനും അനില്‍ദത്തും വേച്ച് വേച്ച് രവിശങ്കറിനടുത്തേക്ക് നടന്നു. പ്രശാന്തന്‍ അയാള്‍ക്ക് മുകളിലേക്ക് ചാഞ്ഞുകൊണ്ട്  പറഞ്ഞു. ""കലകാരാ, ആസ്വാദകാ എഴുന്നേല്‍ക്ക്, പോകാം.''
ഇരുവരും ചേര്‍ന്ന് രവിശങ്കറെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഇരുവശത്തു നിന്നും അയാളുടെ തോളില്‍ കൈവച്ച് ശരീരം നേരെ നിര്‍ത്തി വാതിലിനടുത്തേക്ക് നടന്നു. ഒരു നിമിഷം നിന്ന രവിശങ്കര്‍ കാല്‍കൊണ്ട് സാരി ഉയര്‍ത്തി സ്‌നേഹയുടെ ശരീരത്തേക്കിട്ടു. അയാള്‍ വാതില്‍ തുറന്നു.  പുറത്തേക്കിറങ്ങും മുമ്പ് പ്രശാന്തനും അനില്‍ദത്തും കുഴഞ്ഞു മറിയുന്ന നാവുകൊണ്ട് ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.
ജനഗണമന അധിനായക ജയഹേ
ഭാരതഭാഗ്യവിധാതാ....
പുറത്തിറങ്ങി വാതില്‍ ശക്തിയായി വലിച്ചടച്ച് അവര്‍ മുന്നോട്ട് നീങ്ങി.
...മംഗല ദായക ജയഹേ
ഭാരത ഭാഗ്യവിധാതാ!

(1999)