ഈ ബ്ലോഗ് തിരയൂ

2009, ഡിസംബർ 29, ചൊവ്വാഴ്ച

കഥ :നഗരത്തില്‍ സംഭവിക്കുന്നത്

""സര്‍ പ്ലീസ് കം ഇന്‍'' നിറഞ്ഞ പുഞ്ചിരിയോടെ ചെറുപ്പക്കാരന്‍ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു. വിനയവും ആദരവും കലര്‍ന്ന ക്ഷണം ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് പ്രതിരോധിക്കാനായില്ല. എന്റെ അനുകൂലഭാവം കണ്ടതോടെ ഒരു പ്രസംഗം പോലെ അയാള്‍ ആരംഭിച്ചു. ""നോക്കൂ സാര്‍, അഞ്ഞൂറോളം ഡിസൈനുകളില്‍, പാദങ്ങള്‍ക്കിണങ്ങിയ വര്‍ണ്ണങ്ങളില്‍ എത്രയെത്ര ചെരിപ്പുകളാണ്. തീര്‍ച്ചയായും സാറന്വേഷിക്കുന്ന ചെരിപ്പ് ഇതിനുള്ളിലുണ്ട്. കയറിവരണം സാര്‍. സാറിനിഷ്ടമുള്ളത് തെരഞ്ഞെടുക്കാം.''


ചെരിപ്പുകള്‍ നിരനിരയായി അടുക്കിയിട്ടുള്ള അലമാരകള്‍ക്കുമുന്നില്‍ എന്നെക്കൊണ്ടു നിര്‍ത്തിയശേഷം ചെറുപ്പക്കാരന്‍ പറഞ്ഞു: ""സര്‍, കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം. ലാഭം ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല സര്‍.'' അപ്പോഴേക്കും മറ്റൊരു ചെറുപ്പക്കാരനും യുവതിയും എന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചിരുന്നു.

""സര്‍, അങ്ങയ്ക്കിഷ്ടമുള്ളത് ഇവരുടെ സഹായത്തോടെ തെരഞ്ഞെടുക്കാം.'' അതും പറഞ്ഞ് അയാള്‍ വീണ്ടും കടയുടെ മുന്‍വശത്തേക്ക് പോയി.

""പ്ലീസ് കം ഇന്‍ സര്‍'' അയാളുടെ ശബ്ദം പുറത്ത് ആവര്‍ത്തിക്കാന്‍ തുടങ്ങി.

സത്യത്തില്‍ ഇത്രയും അനിച്ഛാപൂര്‍വ്വമായ ഒരു നാടകം പോലെ സംഭവിക്കുകയായിരുന്നു. രണ്ട് സുരക്ഷാഭടന്മാര്‍ക്ക് നടുവില്‍ തടവിലാക്കപ്പെട്ട കുറ്റവാളിയുടെ അനുഭവം പൊടുന്നനെയാണ് എന്റെ മനസ്സിലേക്ക് കടന്നുവന്നത്. ഈ വിശാലമായ ഷോറൂമിനുള്ളില്‍ ഞെങ്ങിഞെരുങ്ങിയ ചെരിപ്പുകള്‍ക്കു മുന്നില്‍ ഞാനെന്തിനാണു നില്‍ക്കുന്നത്? അതിനുള്ളിലെ തണുത്ത അന്തരീക്ഷവും അപരിചിത മുഖങ്ങളും പോപ്പ് മ്യൂസിക്കിന്റെ പതിഞ്ഞ താളവും എല്ലാം ചേര്‍ന്ന് എന്നെ വീര്‍പ്പു മുട്ടിച്ചു. മാത്രവുമല്ല എനിക്കിപ്പോഴൊരു ചെരിപ്പിന്റെ ആവശ്യവുമില്ല. ഒരാഴ്ച തികഞ്ഞിട്ടില്ല പുതിയൊരു ചെരിപ്പ് വാങ്ങിയിട്ട്. ഇങ്ങോട്ടു കയറാന്‍ തോന്നിയ ആ നിമിഷത്തെ ഞാന്‍ ശപിച്ചു. എനിക്കിരുവശവും നിന്നിരുന്നവരില്‍ അക്ഷമയുടെ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പെട്ടെന്ന് ഞാന്‍ ഇരുവരുടെയും മുഖത്തേയ്ക്ക് മാറിമാറി നോക്കിപ്പറഞ്ഞു. ""എക്‌സ്ക്യൂസ് മീ. ഒരബദ്ധം പറ്റിയതാണ്. ഞാന്‍ പുറത്തേക്ക് പോകട്ടെ.''

""സര്‍'' പെണ്‍കുട്ടി പറഞ്ഞു തുടങ്ങി. ""അങ്ങയ്ക്കിഷ്ടമുള്ള ഡിസൈനുകള്‍ ഇവിടെ നിന്നു തെരഞ്ഞെടുക്കാം. സാര്‍ കരുതുന്നതുപോലെ ഈ കാണുന്ന മുറി മാത്രമല്ല ഉള്ളത്. ഇതാ അകത്തേക്ക് ഇനിയും മുറികളുണ്ട്. നാനാതരത്തിലുള്ള പാദരക്ഷകളുടെ അത്ഭുതലോകം. വരൂ സര്‍, തീര്‍ച്ചയായും അങ്ങയ്ക്കിണങ്ങുന്നത് അവിടുണ്ട്. പ്ലീസ്.'' അവള്‍ അകത്തേക്ക് കൈനീട്ടി നടന്നു തുടങ്ങി.

""പക്ഷേ ഞാനിട്ടിരിക്കുന്നത് പുതിയ ചെരിപ്പാണല്ലോ. മാത്രവുമല്ല വീണ്ടുമൊരെണ്ണം വാങ്ങാനുള്ള തയ്യാറെടുപ്പിലല്ല ഞാന്‍ വന്നിരിക്കുന്നതും.''

""സര്‍, ഇത് ഒരാഴ്ച മുമ്പുള്ള ഫാഷനാണ്. ഇപ്പോള്‍ ഒരു ചെരിപ്പിന്റെ ഫാഷന്‍ടൈം പരമാവധി രണ്ടാഴ്ചയാണ്. മിക്കവാറും അതിനുമുമ്പു തന്നെ അത് ഔട്ടായിക്കഴിയും. സാറിന്റെ ചെരിപ്പ് ഔട്ട് ഓഫ് ഫാഷന്‍ ആയിക്കഴിഞ്ഞു.'' ചെറുപ്പക്കാരനാണ് സംസാരിച്ചത്.

പക്ഷേ എന്തുകൊണ്ടും ഒരു ചെരിപ്പ് വാങ്ങാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല ഞാന്‍.

""അകത്തേക്ക് പോകാം സാര്‍.'' അതും പറഞ്ഞ് ചെറുപ്പക്കാരന്‍ കടയിലെത്തിയ ഒരു സ്ത്രീയുടെ സമീപത്തേക്ക് തിരക്കിട്ട് നടന്നു നീങ്ങി. ഞാന്‍ അവിചാരിതമായാണ് ക്യാഷ് കൗണ്ടറിലിരിക്കുന്ന തടിച്ച മനുഷ്യനെ ആ സമയം കണ്ടത്. അയാള്‍ ഞങ്ങളുടെ സംഭാഷണം മുഴുവന്‍ ശ്രദ്ധിക്കുകയായിരുന്നു. ഒരിറച്ചിവെട്ടുകാരന്റെ ഭാവമായിരുന്നു അയാള്‍ക്ക്. തടിച്ചു തൂങ്ങിയ ഇളം ചുവപ്പാര്‍ന്ന ചുണ്ടും നെറ്റിയില്‍ ഏതോ മുറിവേറ്റതിന്റെ പാടും. ആകെക്കൂടി ഭയാനകമായ രൂപം. ഞങ്ങളുടെ കണ്ണുകള്‍ ഒരു നിമിഷമേ ഇടഞ്ഞുള്ളൂ. അയാളുടെ തറപ്പിച്ച നോട്ടത്തിനു മുന്നില്‍ ഞാന്‍ ചൂളിപ്പോയി. പെട്ടെന്ന് ഒരുള്‍ത്തള്ളല്‍ പോലെ ഞാന്‍ പെണ്‍കുട്ടിക്ക് പിന്നാലെ അകത്തേക്ക് നടന്നു. വിശാലമായ മുറി. നാലുവശവും നാനാ തരം ചെരിപ്പുകള്‍ കൊണ്ടലംകൃതമായ സ്റ്റാന്റുകള്‍. ഒരുവശത്ത് സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക്. എന്നോടൊപ്പം നിന്ന ചെറുപ്പക്കാരന്‍ അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. അയാള്‍ എന്നെ കണ്ടെങ്കിലും ശ്രദ്ധിച്ചതേയില്ല.

""സര്‍, മെന്‍സ്‌ചോയ്‌സ് അവിടെയാണ്.'' എതിര്‍വശത്തുള്ള ഷോകേസിലേക്ക് വിരല്‍ ചൂണ്ടി പെണ്‍കുട്ടി പറഞ്ഞു. യന്ത്രംപോലെ ഞാന്‍ അവളോടൊപ്പം അങ്ങോട്ട് നീങ്ങി.

അവള്‍ വിവിധതരം ചെരിപ്പുകള്‍ എന്റെ മുന്നില്‍ നിരത്താന്‍ തുടങ്ങി. ഓരോന്നിന്റെയും മഹത്വം വര്‍ണ്ണിച്ചു. ഓരോ വാക്യവും പറഞ്ഞശേഷം അവള്‍ എന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു. എന്റെ നിര്‍വികാര ഭാവം അവളെ നിരാശപ്പെടുത്തുന്നുണ്ടാകണം. ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന ബോധം തന്നെ എനിക്ക് നഷ്ടപ്പെട്ടിരുന്നു. പെട്ടെന്നവള്‍ ആഹ്ലാദവതിയായി കയ്യില്‍ തവിട്ടു നിറത്തിലുള്ളൊരു ഷൂവുമായി എന്റെ അടുത്തേക്കു വന്നു. അവളുടെ മുഖത്ത് പുതിയൊരാവേശവും തിളക്കവും ഞാന്‍ കണ്ടു. അടുത്തു കിടന്ന കസേര ചൂണ്ടി അവള്‍ പറഞ്ഞു. ""ഇരിക്കൂ സര്‍.'' വിട്ടൊഴിഞ്ഞിട്ടില്ലാത്ത അമ്പരപ്പിനിടയില്‍ അവിടെ നടക്കുന്നതൊന്നും എന്റെ ബോധത്തില്‍ വ്യക്തമായി പതിച്ചിരുന്നില്ല. എന്റെ നിശ്ചലത കണ്ട അവള്‍ ഇരുകൈകളിലും പിടിച്ച് കസേരയിലിരുത്തി. എന്നിട്ട് സ്‌നേഹമസൃണമായ അധികാരത്തോടെ കാലില്‍ കിടന്ന ചെരിപ്പുകള്‍ ഊരിമാറ്റി. പകരം അവള്‍ കൊണ്ടുവന്ന ഇളം ചുവപ്പു നിറത്തിലുള്ള സോക്‌സുകള്‍ കാലിലേക്കിട്ടു. പിന്നെ ഷൂസും. വിധേയത്വത്തോടെ നോക്കിയിരിക്കാനല്ലാതെ ഒന്നു പ്രതിഷേധിക്കാന്‍ പോലും എനിക്കായില്ല. ഷൂസിന്റെ ട്വൊയിന്‍ ബന്ധിച്ചശേഷം അല്‍പ്പം അകന്നു നിന്ന് നിരീക്ഷിച്ച് അവള്‍ ചൊടിയോടെ പറഞ്ഞു.

""സര്‍, ഇതുതന്നെയാണ് ഞാന്‍ അങ്ങേയ്ക്കുവേണ്ടി തെരഞ്ഞെു നടന്നത്. നോക്കൂ. ഏറ്റവും പുതിയ പ്രോഡക്ടാണ്. മുന്നൂറു ജോഡികള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് കിട്ടിയതോ വെറും പതിനാല് ജോഡികള്‍. ഇതാ, ഇതവസാന ജോഡിയാണ്. നോക്കൂ സാറിന്റെ കാലുകള്‍ക്ക് ഇതെത്രമാത്രം അനുയോജ്യമാണെന്ന്.''

എന്റെ ദയനീയമായ നോട്ടം തീര്‍ച്ചയായും അവള്‍ ശ്രദ്ധിച്ചിരിക്കും. എന്തോ ഓര്‍ത്തിട്ടെന്നപോലെ അവള്‍ പറഞ്ഞു. ""ങ്ഹാ, ഞാനതോര്‍ത്തില്ല. ഈ ഷൂസിന് സ്‌പെഷ്യല്‍ റിഡക്ഷനുണ്ട് സര്‍. രണ്ടര ശതമാനം. ഇന്നഞ്ചു മണിക്ക് റിഡക്ഷന്‍ അവസാനിക്കും. സാര്‍ ഇനി കൗണ്ടറിലേക്ക് പൊയ്‌ക്കോളൂ. ഞാന്‍ ബില്ലുതരാം.''

എന്റെ ചെന്നികളില്‍ പൊടിഞ്ഞുതുടങ്ങിയ വിയര്‍പ്പ് ചാലുകളായി താഴേക്ക് ഒഴുകാന്‍ തുടങ്ങി. ശീതീകരിക്കപ്പെട്ട മുറിയാണെങ്കിലും ശരീരത്തിന്റെ ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പേഴ്‌സില്‍ ആകെയുള്ളത് ചില മുഷിഞ്ഞ നോട്ടുകള്‍ മാത്രമാണ്. ഇനിയുമിങ്ങനെ മൗനം പാലിക്കാനാകില്ല. എത്ര ധൈര്യം സംഭരിച്ചിട്ടും നാവിന് ശക്തി കിട്ടുന്നില്ല. പെണ്‍കുട്ടി ബില്‍ബുക്കിനടുത്തേക്ക് നടക്കുന്നു. പൊടുന്നനെ ഞാന്‍ എവിടെ നിന്നോ നേടിയ ശക്തിയോടെ പറഞ്ഞു: ""നില്‍ക്കൂ.'' എന്നിട്ട് അതിവേഗം കാലിലെ ഷൂസും സോക്‌സും ഊരിമാറ്റി.

""പ്ലീസ്, സഹോദരി. ഞാന്‍ ആശുപത്രിയിലേക്ക് പോകുന്നവഴിയാണ്. കുട്ടിക്ക് മരുന്നുവാങ്ങാനുള്ള തുച്ഛമായ പണമാണ് കയ്യില്‍. അറിയാതെ ഞാന്‍ ഇതിനുള്ളില്‍ പെട്ടുപോയതാണ്. പിന്നീടൊരിക്കല്‍ ഇതു വാങ്ങിക്കോള്ളാം. പ്ലീസ്... എന്നെ പോകാനനുവദിക്കണം.''

ഒരു സാധാരണ സെയില്‍സ് ഗേളിനു മുന്നില്‍ അത്രയേറെ വിനീതനാകേണ്ടി വന്നതിലെ കുറ്റബോധം എന്നെ ശല്യപ്പെടുത്താതിരുന്നില്ല. പക്ഷേ അവളുടെ മുഖം ഇത്രവേഗം ഇരുണ്ടുപോകുന്നതെന്തിനാണ്? അവള്‍ ഇത്രമാത്രം അസ്വസ്ഥയാകുന്നതെന്തിന്? കസ്റ്റമര്‍ക്ക് അയാളുടെ സ്വാതന്ത്ര്യമില്ലേ? സാധനമാവശ്യമില്ലെങ്കില്‍ വാങ്ങുന്നില്ല. അത്ര തന്നെ. അതിന് ഈ പെണ്‍കുട്ടി ഇത്രമാത്രം അലോസരപ്പെടുന്നതെന്തിന്? അവള്‍ ആരെയോ ഭയപ്പെടുന്നതുപോലുണ്ട് മുഖം കണ്ടാല്‍.

ഞങ്ങള്‍ക്കിടയില്‍ മൗനം നിശ്ശബ്ദമായൊരു വിലാപമായി. ഏതോ ഗുഹാമദ്ധ്യത്തില്‍ പെട്ട് വഴിതെറ്റിയവനായി ഞാന്‍ പുറത്തേക്ക് നീങ്ങാന്‍ പോലും കഴിയാതെയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ നേരിയ ചൂടുള്ള കൈപ്പത്തി എന്റെ വലംകയ്യിലമര്‍ന്നപ്പോള്‍ ഒരു ഞെട്ടലോടെയാണ് ബോധത്തിലേക്കുണര്‍ന്നത്. അവള്‍ കൈപിടിച്ചെഴുന്നേല്‍പ്പിച്ചു. ചോദ്യരൂപത്തില്‍ നോക്കിയ എന്നോട് ഹൃദ്യമായൊരു പുഞ്ചിരിയോടെ ഒപ്പം ചെല്ലാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ അനുസരണയുള്ള കുട്ടിയെപ്പോലെ പിന്നാലെ നടന്നു. മറ്റൊന്നും അപ്പോഴെനിക്ക് തോന്നിയില്ല. ഷെല്‍ഫുകള്‍ക്ക് പിന്നിലൂടെ പ്രവേശിച്ചത് ഇടുങ്ങിയ മറ്റൊരു മുറിയിലേക്ക്. ഒരു കട്ടിലും കസേരയും പൊട്ടിക്കാത്ത ഷാമ്പേന്‍കുപ്പിയും ചില ഗ്ലാസ്സുകളും മേശപ്പുറത്തിരിക്കുന്നു. ഞാന്‍ അമ്പരപ്പോടെ ചുറ്റുപാടും നോക്കുമ്പോഴേക്കും അവള്‍ വാതില്‍ അടച്ചു കഴിഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടി തികച്ചും വ്യത്യസ്തയാവുകയായിരുന്നു. അവളുടെ ചിരിയില്‍ വശ്യതയും മാദകത്വവും നിറഞ്ഞു. എന്റെ കവിളില്‍ അവളുടെ കൈവിരലുകള്‍ നേരിയ തലോടലായി പതിഞ്ഞു. പിന്നെ വളരെവേഗമാണ് അവളുടെ കൈവിരലുകള്‍ ചലിച്ചത്. ധരിച്ചിരുന്ന മിഡിയും ടോപ്പും അതിവേഗം അവള്‍ ഊരിയെറിഞ്ഞു. വെളുത്തുതുടുത്തു വൈദ്യുതി പ്രവഹിക്കുന്ന ശരീരം. ഇപ്പോള്‍ അടിവസ്ത്രങ്ങള്‍ അവളുടെ ശരീരത്തിന് ദിവ്യമായൊരലങ്കാരം പോലെ തോന്നി. അര്‍ദ്ധനിമീലിതമായ കണ്ണുകളോടെ പതിഞ്ഞ സ്വരത്തില്‍ അവള്‍ വിളിച്ചു ""സര്‍''

ഏതോ ശ്മശാനത്തിനു നടുവില്‍ ഒറ്റപ്പെട്ട പ്രതീതിയായിരുന്നു അപ്പോള്‍ എനിക്ക്.

അവള്‍ എന്റെ കൈക്കു പിടിച്ച് കട്ടിലിലിരുത്തി.

വാക്കുകള്‍ നാവിന്‍തുമ്പില്‍ മരിച്ചുകിടക്കുന്നത് ഞാനറിഞ്ഞു. എന്റെ നിര്‍വ്വികാരത കണ്ട് അവള്‍ അത്ഭുതപ്പെടുന്നുണ്ടെന്ന് മനസ്സിലായി. കിടക്കയില്‍ ഒപ്പം ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ എന്റെ കൈകളെടുത്ത് മാറിടത്തിലമര്‍ത്തി. പൊടുന്നനെ പൊള്ളലേറ്റിട്ടെന്നപോലെ ഞാന്‍ കൈ പിന്‍വലിച്ചു. എന്റെ സിരകളില്‍ നിന്നും വികാരത്തിന്റെ ആലക്തിക തരംഗങ്ങള്‍ എവിടെയോ പോയൊളിച്ചു. ഭയത്തിന്റെ ശൈത്യവാതം എന്നെ പൂര്‍ണ്ണമായും കീഴടക്കുകയായിരുന്നു. എല്ലാ ശ്രമങ്ങളും അസാദ്ധ്യമായതോടെ അവളുടെ മുഖം വീണ്ടും അസ്വസ്ഥമാകുന്നത് ഞാനറിഞ്ഞു. ക്രമേണ അത് ഭീതി കലര്‍ന്ന ഒരു തരം ദൈന്യമായി പരിണമിച്ചു. പിന്നെ ഒരു വിലാപം പോലെയായിരുന്നു അവള്‍ സംസാരിച്ചത്.

""സര്‍, അങ്ങയ്ക്കിപ്പോള്‍ എന്റെമേല്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. എന്തും ചെയ്യാം. പക്ഷേ അങ്ങൊരു പുതിയ ചെരിപ്പ് വാങ്ങണം.''

ദുരൂഹതകളും പിടികിട്ടായ്മകളും നിറഞ്ഞ കണ്ണുകളോടെ ഞാന്‍ അവള്‍ക്കുനേരെ മുഖമുയര്‍ത്തി.

""സര്‍, കിട്ടുന്ന ശമ്പളം ഒരാള്‍ക്ക് ജീവിക്കാന്‍ പോലും തികയില്ല. വലിയൊരു കുടുംബത്തിന്റെ ഭാരം ചുമലിലുണ്ട് സാര്‍. ഇവിടെ അകത്തേക്ക് വരുന്ന ഒരു കസ്റ്റമര്‍ വെറും കയ്യോടെ മടങ്ങിപ്പോകാന്‍ പാടില്ലെന്നാണ് നിയമം. അങ്ങനെ സംഭവിച്ചാല്‍ അയാളെ ട്രീറ്റു ചെയ്യുന്ന സെയില്‍സ് ഗേള്‍ ഫൈനടയ്‌ക്കേണ്ടിവരും. ഒരു പ്രാവശ്യത്തെ ഫൈന്‍ ശമ്പളത്തിന്റെ നാലിലൊന്നാണ് സര്‍. സ്വയം രക്ഷിക്കാന്‍ എനിക്കിതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല സര്‍... പ്ലീസ്. സര്‍...''

അവളുടെ കണ്‍തടങ്ങളില്‍ നിന്നൊഴുകിയ നീര്‍ച്ചാലുകള്‍ എന്റെ ഹൃദയഭിത്തികളെ ഭേദിച്ച് കയറുന്നതുപോലെ തോന്നി. അല്‍പ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവള്‍ വസ്ത്രം ധരിച്ചു. ""സര്‍, ഇനി ഞാന്‍ അങ്ങയുടെ ഇഷ്ടത്തിനു വിടുന്നു.'' അവള്‍ മുറി തുറന്ന് പുറത്തേയ്ക്കിറങ്ങി.

നിസ്സഹായതയുടെ തുരുത്തിലിരുന്ന് ഞാന്‍ പുകഞ്ഞു. കാലിലെ അദൃശ്യബന്ധനങ്ങളഴിച്ച് ഞാന്‍ മുറിക്കു പുറത്തിറങ്ങി. പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി.

ആ കണ്ണുകളില്‍ അര്‍ത്ഥനയുടെ മഹാകാവ്യം.

കര്‍മ്മബോധത്തിന്റെ തീവ്രാവേശം എന്നില്‍ പിടഞ്ഞെണീറ്റു.

""സോറി, അയാം റിയലി സോറി.'' പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കാതെ അവള്‍ കേള്‍ക്കാന്‍പാകത്തില്‍ പറഞ്ഞു കൊണ്ടു ഞാന്‍ കഴിയുംവേഗം മുറിവിട്ടിറങ്ങി. ക്യാഷ്കൗണ്ടറിലിരുന്ന തടിയന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.

""ചെരിപ്പ് വാങ്ങിയില്ലേ?''

""ഇല്ല. ഇനിയൊരിക്കലാകാം.'' ഞാന്‍ വെമ്പലോടെ പറഞ്ഞു തീരും മുമ്പേ അയാളൊന്നു പൊട്ടിച്ചിരിച്ചു. പുറത്തേക്കു നടക്കാന്‍ തുടങ്ങിയ എന്റെ ചുമലില്‍ അയാള്‍ ബലമായി പിടിച്ചുനിര്‍ത്തി.

""നില്‍ക്കണം മിസ്റ്റര്‍. നിങ്ങള്‍ മണിക്കൂറുകളോളം ഞങ്ങളുടെ സെയില്‍സ് ഗേളുമായി ചുറ്റിക്കറങ്ങി. അത്രയും സമയം അവള്‍ക്ക് മറ്റ് കസ്റ്റമേഴ്‌സിനെ ഡീലു ചെയ്യാന്‍ കഴിയാത്തതിന്റെ അസൗകര്യം ഞങ്ങള്‍ക്കുണ്ടായി. ഈ നേരമെല്ലാം എ.സി. വര്‍ക്കു ചെയ്തത് നിങ്ങള്‍ക്കു വേണ്ടികൂടിയാണ്. ഇവയുടെ നഷ്ടം ഞങ്ങള്‍ എങ്ങനെയാണ് നികത്തേണ്ടത്?മാത്രവുമല്ല, കൗമാരം കടക്കുക മാത്രം ചെയ്തിട്ടുള്ള ഒരു പെണ്‍കുട്ടിയോടൊപ്പം സഹശയനം നടത്തുക എന്ന അപൂര്‍വ്വഭാഗ്യവും നിങ്ങള്‍ക്കുണ്ടായി. അതിനുതന്നെവലിയൊരു തുക തരേണ്ടതുണ്ട്. ചെരിപ്പു വേണ്ടെങ്കില്‍ ഇവയെല്ലാം അടച്ചിട്ട് നിങ്ങള്‍ പൊയ്‌ക്കോളുക.''

ഇപ്പോള്‍ എന്റെ ശരീരം വിയര്‍ക്കുന്നില്ല. പകരം അമിതമായി ശീതീകരിക്കപ്പെടുന്നു. ക്രമേണ ഞാന്‍ ചേതന നഷ്ടപ്പെട്ട വെറും ശരീരം മാത്രമാവുകയായിരുന്നു. ആരൊക്കെയോ വരുന്നതും എന്റെ പേഴ്‌സ് കൈക്കലാക്കുന്നതും പണമെണ്ണി നോക്കുന്നതും ഉച്ചത്തിലുയര്‍ന്ന തെറിവിളിയോടെ ആരുടെയോ കൈത്തലം ചെകിടത്ത് പതിഞ്ഞതും അവ്യക്തമായ ഒരോര്‍മ്മ പോലെയുണ്ട്...

നേരമെന്തായിക്കാണും? ദേഹമാകെ വേദനിക്കുന്നു. നിലത്തു നിന്ന് മെല്ലെ എഴുന്നേല്ക്കാന്‍ ശ്രമിച്ചു. കാല്‍ച്ചുവട്ടില്‍ ഊരിയിട്ട ചെരിപ്പുകള്‍. ഹാളിലാകെ ഇരുണ്ട വെളിച്ചം. ശബ്ദമെല്ലാം ഒഴിഞ്ഞിരിക്കുന്നു. കട പൂട്ടിയോ? ആയാസപ്പെട്ട് ചെരിപ്പുകള്‍ ധരിച്ചുമുന്നില്‍ കണ്ട വാതിലിലൂടെ മുറിവിട്ടിറങ്ങി. പക്ഷേ-

എത്തിയത് പുതിയൊരു ഹാളില്‍. നാലു വശത്തും അട്ടിയായി അടുക്കിയിരിക്കുന്ന ചെരിപ്പുകളുടെ കൂമ്പാരം. അവയുടെ മനംമടുപ്പിക്കുന്ന ഗന്ധം. ഒരു വാതില്‍ക്കൂടി പിന്നിട്ടു.

വീണ്ടുമൊരു മുറി!

പിന്നെയും പിന്നെയും വാതിലുകള്‍ പിന്നിട്ടു. വീണ്ടും വീണ്ടും. പുതിയ മുറികള്‍. വിചിത്രമായ പാദരക്ഷകളുടെ അവസാനമില്ലാത്ത ലോകം.

പുറത്തേയ്ക്കുള്ള വഴിയെവിടെയാണ്?

ഈശ്വരാ! ഇതെന്തൊരു നരകമാണ്.

ഇപ്പോള്‍ എല്ലാ ഹാളുകള്‍ക്കും അനേകം വാതിലുകള്‍. മുന്നില്‍ കണ്ട വാതിലുകള്‍ ഒന്നൊന്നായി തുറന്നു പുറത്തേക്കിറങ്ങി. പക്ഷേ കടക്കുന്നത് അകത്തേയ്ക്ക്!

വീണ്ടും വീണ്ടും വാതിലുകള്‍ തുറന്നു. ഒന്ന് തുറന്ന്, മറ്റൊന്ന് തുറന്നു, വേറൊന്നു തുറന്ന്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ