ഈ ബ്ലോഗ് തിരയൂ

2009, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ഗുഗി വാതിയോംഗോ സ്വന്തം ഭാഷയിലേക്ക്‌ മടങ്ങിയത്‌ എന്തുകൊണ്ട്‌?

സംസ്‌കാരങ്ങളുടെ തകര്‍ച്ചയാണ്‌ ഇരുപത്തിഒന്നാം നൂറ്റാണ്ട്‌ നേരിടാന്‍ പോകുന്നഏറ്റവും വലിയ വിപത്തുകളിലൊന്ന്‌. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വളര്‍ന്നുവന്ന മഹത്തായ സംസ്‌കാരങ്ങള്‍, ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ചോരയും ബലിയും നിശ്വാസവും ത്യാഗവും ചേര്‍ന്ന്‌ വളര്‍ത്തിയെടുത്തസംസ്‌കാരത്തിന്റെ ആധാരശിലകള്‍ ഇമചിമ്മുന്ന വേഗതയില്‍ തകര്‍ന്ന്‌ തരിപ്പണമാകുന്നത്‌ സമകാലയാഥാര്‍ത്ഥ്യമാണ്‌. ഇറാക്കിന്റെയും അഫ്‌ഗാനിസ്ഥാന്റെയും പാലസ്‌തീനിന്റെയും സാംസ്‌കാരികമുദ്രകള്‍ ആ മണ്ണില്‍ നിന്ന്‌ എങ്ങനെയാണ്‌ തുടച്ചുമാറ്റപ്പെടുന്നതെന്ന്‌ നാം ഉള്‍ഭയത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്‌. ആദ്യം മണ്ണില്‍ നിന്ന്‌ മാറ്റപ്പെടുന്ന സാംസ്‌കാരിക ചിഹ്നങ്ങള്‍, പിന്നീട്‌ മനസ്സില്‍ നിന്ന്‌ മായിക്കപ്പെടും എന്നതിന്റെ വ്യക്തമായ സൂചനയാണത്‌. അധിനിവേശത്തിന്റെ ഏറ്റവും തന്ത്രപരവും സമര്‍ത്ഥവുമായ കടന്നാക്രമണമാണ്‌ സംസ്‌കാരങ്ങളെ തുടച്ചുമാറ്റല്‍. നിലവിലിരിക്കുന്ന സംസ്‌കാരത്തിന്റെ വിനിമയരൂപങ്ങളെ ക്രമേണ ഇല്ലായ്‌മ ചെയ്യുന്നതിലൂടെ മാത്രമേ മറുവശത്തുകൂടി അധിനിവേശ സംസ്‌കാരത്തിന്റെ കടന്നു കയറ്റം സുഗമമാവുകയുള്ളൂ.ഒരു സംസ്‌കാരത്തെ നശിപ്പിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ആ സംസ്‌കാരം വിനിമയം ചെയ്യപ്പെടുന്ന ഭാഷയെ നശിപ്പിക്കലാണ്‌. ആശയവിനിമയത്തിന്‌ ഭാഷ അനിവാര്യമായിരിക്കവെ, ഒരു ഭാഷ ക്ഷയിക്കുകയാണെങ്കില്‍ തല്‍സ്ഥാനത്തേക്ക്‌ മറ്റൊരുഭാഷ കടന്നുവരേണ്ടതുണ്ട്‌. ഒരു സംസ്‌കാരത്തെ മറ്റൊരു സംസ്‌കാരത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമമാണ്‌ ഭാഷ. ഒരു ഭാഷ ഒരു ജനതയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചുതുടങ്ങുന്നതോടെ ആ ഭാഷയുമായി ബന്ധപ്പെട്ട സംസ്‌കാരവും ആധിപത്യം സ്ഥാപിച്ചുതുടങ്ങുന്നു. പുതുതായി വരുന്നതിനെയെല്ലാം വ്യഗ്രതയോടെ സ്വീകരിക്കുന്ന ജനത മെല്ലെ മെല്ലെ തങ്ങളുടെ സംസ്‌കാരത്തിന്റയും ഭാഷയുടെയും തനിമയോട്‌ വിടപറയുകയും അധിനിവേശ സംസ്‌കാരത്തിന്റയും ഭാഷയുടെയും ഇരയായിത്തീരുകയും ചെയ്യുന്നു. ഇന്ന്‌ ആഗോള വ്യാപകമായി പ്രാദേശികഭാഷകളും സംസ്‌കാരവും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ദുരന്തവുമാണിത്‌. അതുകൊണ്ടുതന്നെ ഇത്തരമൊരു കടന്നാക്രമണത്തിനു നേരെയുള്ള ചെറുത്തുനില്‌പും ആഗോളവ്യാപകമായിത്തന്നെ ശക്തിപ്രാപിച്ചുവരുന്നുണ്ട്‌. ഐക്യരാഷ്‌ട്രസംഘടന 2008 അന്താരാഷ്‌ട്ര ഭാഷാവര്‍ഷമായി ആചരിച്ചപ്പോള്‍ പ്രാദേശിക ഭാഷകളുടെ നിലനില്‌പും സംരക്ഷണവും ഊന്നിപ്പറഞ്ഞതും ഇക്കാരണം കൊണ്ടുതന്നെയാണ്‌.ഭാഷാ പരമായ ഈയൊരു പ്രതിസന്ധി നമ്മെ വല്ലാതെ ആകുലപ്പെടുത്തുമ്പോഴാണ്‌ കേരളത്തില്‍ മാതൃഭാഷയെ വിവരവിനിമയ രംഗത്ത്‌ സാര്‍വ്വത്രികമായി ഉപയോഗിക്കുവാന്‍ അവസരമൊരുക്കുന്ന ?മലയാളം കമ്പ്യൂട്ടിംഗ്‌ ?പദ്ധതി നടപ്പാക്കുന്നത്‌. ഏതൊരു ഭാഷയും നിലനില്‍ക്കണമെങ്കില്‍ ആ ഭാഷ നിരന്തരം ഉപയോഗിക്കപ്പെടണം. ഉപയോഗം നമ്മുടെ ആവശ്യകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അരകല്ലും ആട്ടുകല്ലും ഉരലും ഉലക്കയും നമുക്ക്‌ ആവശ്യമായിരുന്നകാലത്ത്‌ ആ വാക്കുകള്‍ നമ്മുടെ സാര്‍വ്വത്രിക ഉപയോഗത്തിലുണ്ടായിരുന്നു. ക്രമേണ മിക്‌സിയും ഗ്രൈന്‍ഡറും റൈസ്‌മില്ലുകളും സാധാരണമായതോടെ ഇവയുടെ ഉപയോഗം കുറയുകയും ഇന്ന്‌ ഭൂരിപക്ഷത്തിന്റയും ദൈനംദിന ജീവിതത്തില്‍ പഴയ വീട്ടുപകരണങ്ങള്‍ ഒരു വിനിമയമാധ്യമമേ അല്ലാതാവുകയും ചെയ്‌തിട്ടുണ്ട്‌. ഭാഷ നമ്മെ കൈവിട്ടുപോകുന്നതിന്റെ, അല്ലെങ്കില്‍ ഭാഷയെ നാം കൈയൊഴിയുന്നതിന്റെ വഴികളിലൊന്നാണിത്‌. ഇവിടെ നമുക്ക്‌ ആവശ്യമില്ലാത്ത അല്ലെങ്കില്‍ ഉപയോഗമില്ലാത്ത വാക്കുകളെയാണ്‌ നാം കൈയൊഴിയുന്നത്‌.ആശയവിനിമയത്തിന്റെ മുഖ്യ ഉപാധിയായി ഇന്ന്‌ അതിവേഗം മാറിക്കൊണ്ടിരിക്കുന്നത്‌ കമ്പ്യൂട്ടറുകളാണ്‌. നമ്മുടെ സംവേദന ക്ഷമതയെയും സൗന്ദര്യബോധത്തെയും അത്‌ സാങ്കേതികവല്‌കരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ദിനചര്യയുടെ ഭാഗം പോലെ കമ്പ്യൂട്ടര്‍ നമ്മുടെ സുഹൃത്തായിരിക്കുന്നു പക്ഷേ കമ്പ്യൂട്ടറിലൂടെ നാം ആശയവിനിമയം നടത്തുവാനുപയോഗിക്കുന്നത്‌ നമ്മുടെ ഭാഷയല്ല, ഇംഗ്ലീഷാണെന്നതുകൊണ്ട്‌ മാതൃഭാഷയുടെ തണലില്‍ മാത്രം വളര്‍ന്നവര്‍ക്ക്‌ ഈ മാധ്യമം അപ്രാപ്യമാണ്‌. ഇന്റര്‍നെറ്റ്‌, ഇ-മെയില്‍, ബ്ലോഗ്‌, ചാറ്റ്‌ തുടങ്ങിയവയ്‌ക്കൊക്കെ ഇംഗ്ലീഷ്‌ ഭാഷയെ ആശ്രയിക്കുന്നത്‌ ആ ഭാഷയില്‍ വലിയ ജ്ഞാനമില്ലാത്തവരെ കളത്തിന്‌ പുറത്താക്കുന്നു. ഇവിടെയാണ്‌ മലയാളം കമ്പ്യൂട്ടിംഗിന്റെ പ്രസക്തി. കമ്പ്യൂട്ടറിലൂടെ ആശയവിനിമയത്തിന്‌ മലയാളം ഉപയോഗിക്കുന്നതോടെ ഭാഷാപരമായ വലിയൊരു തടവറ നാം ഭേദിക്കുകയാണ്‌. യൂണി കോഡ്‌ ഫോണ്ടുകള്‍ ഉപയോഗിച്ച്‌ ലോകത്തെവിടെയുള്ളവരുമായും ആശയവിനിമയം സാദ്ധ്യമാകുന്നതോടെ, കൈവിട്ടു തുടങ്ങിയ നമ്മുടെ ഭാഷയെ തിരിച്ചുപിടിക്കാമെന്ന പ്രത്യാശ ശക്തിപ്പെടുന്നു. ഒരേ സമയം ഭാഷാധിനിവേശത്തിനെതിരായ പ്രതിരോധവും സ്വന്തം ഭാഷയുടെ തനിമയിലേക്കുള്ള മടക്കവുമായി മാറുന്നു മലയാളം കമ്പ്യൂട്ടിംഗ്‌.മാതൃഭാഷയെക്കാള്‍ വലുത്‌ ഇംഗ്ലീഷാണെന്ന ബോധം കൊളോണിയല്‍കാലഘട്ടത്തിന്റെ ബാക്കി പത്രമാണ്‌. മാനസികമായ ഈ അടിമത്തത്തില്‍ നിന്നും ഇനിയും നാം മുക്തരായിട്ടില്ല എന്നതാണ്‌ ഈ ദാസ്യമനോഭാവത്തിനടിസ്ഥാനം. തങ്ങള്‍ ആധിപത്യം ചെലുത്തുന്ന നാടുകളിലെല്ലാം തങ്ങളുടെ ഭാഷയും ആധിപത്യം ഉറപ്പിക്കണമെത്‌ സാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു എക്കാലത്തും. ഇന്നും അത്‌ തുടരുന്നു എന്നാല്‍ ചെറുത്തുനില്‍പിന്റെ ചെറിയ തുരുത്തുകള്‍ ലോകത്തെമ്പാടും ഉയര്‍ന്നുവരുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രാദേശിക ഭാഷകള്‍ക്കുവേണ്ടിയുള്ള വാദം സംസ്‌കാരങ്ങളുടെ മഹാപാരമ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള വാദമാണ്‌. ഒരു ഭാഷ നശിക്കുമ്പോള്‍ ഇല്ലാതാവുന്നത്‌ നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന സംസ്‌കാരത്തിന്റെ തുടര്‍ച്ചകളാണ്‌. എഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചന്‍ നമ്പ്യാരും ആശാനും ഉള്ളൂരുമൊക്കെ ഇല്ലാതാകുന്ന ഒരു കേരളത്തെക്കുറിച്ച്‌ നമുക്ക്‌ ചിന്ത്തിഖ്‌ഖ്‌ാനാഖ്‌ുമൂ? ഓരോ ഭാഷയ്‌ക്കും ഇത്തരം ഈടുവയ്‌പുകളുണ്ട്‌. ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ചേര്‍ത്തുവെച്ചാല്‍ അതിന്റെ ശക്തിയെയും സൗന്ദര്യത്തെയും മറികടക്കാന്‍ ഒരു ആഗോളഭാഷയ്‌ക്കും കഴിയില്ല. ഈ അറിവ്‌ അധിനിവേശഭാഷയുടെ കടന്നാക്രമണത്തിനെതിരായ ചെറുത്തുനില്‍പിന്റെ ആക്കം കൂട്ടുന്നു.ഭാഷാപരവും സാംസ്‌കാരികവുമായ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിന്റെ ആവേശകരമായ അദ്ധ്യായമാണ്‌ കെനിയന്‍ എഴുത്തുകാരനും പുരോഗമനവാദിയുമായ എന്‍ഗുഗി വാതിയോംഗോയുടെ ധൈഷണികജീവിതം. ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതി ലോകപ്രശസ്‌തനായി നില്‍ക്കുന്ന അവസരത്തില്‍, ഇനിമുതല്‍ താന്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതുകയില്ലെന്നും തന്റെ മാതൃഭാഷയായ ഗികുയുവിലും കിസ്‌ വാഹിലിയിലും മാത്രമേ എഴുതുകയുള്ളൂവെന്നും ഗുഗി പ്രഖ്യാപിക്കുന്നു. ഭാഷാപരമായ അധിനിവേശത്തിനെതിരെ നടന്ന ഏറ്റവും ധീരവും വിപ്ലവകരവുമായ തീരുമാനമായിരുന്നു അത്‌. ഇംഗ്ലീഷ്‌ ഭാഷയെ അപേക്ഷിച്ച്‌ എത്രയോ ചെറിയ ഭാഷയാണ്‌ ഗികിയു. ഇംഗ്ലീഷ്‌ ഭാഷ തനിക്കുനല്‍കുന്ന ഇടത്തിന്റയും പ്രശസ്‌തിയുടെയും ചെറിയൊരംശം പോലും തന്റെ മാതൃഭാഷയ്‌ക്ക്‌ നല്‍കുവാന്‍ കഴിയില്ലെന്നറിയാമായിരുന്നിട്ടും ഗുകിയു എടുത്ത ഈ തീരുമാനം പ്രാദേശിക ഭാഷകള്‍ക്കും സംസ്‌കാരത്തിനും വേണ്ടിയുള്ള പ്രതിരോധ ശ്രമങ്ങള്‍ക്ക്‌ ആവേശകരമായ പ്രചോദനമാണ്‌ നല്‍കിയത്‌. കെനിയന്‍ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച്‌ ഗുകി ജയിലിലാകുന്ന സമയത്താണ്‌ ഇംഗ്ലീഷിലുള്ള രചന ഉപേക്ഷിക്കുന്നത്‌. ഈ കാലത്താണ്‌ ?മനസ്സിന്റെ അപകോളനീകരണം?(Decolonising the mind) എന്ന കൃതി ഗുഗി എഴുതിത്തുടങ്ങന്നത്‌. കൊളോണിയല്‍ സംസ്‌കാരം കീഴാള സംസ്‌കാരത്തിന്റെ വേരുകളെയും ശാഖകളേയും അതിന്റെ ചരിത്ര പശ്ചാത്തലത്തെയും എങ്ങനെ ഇല്ലായ്‌മ ചെയ്യുന്നുവെന്ന്‌ ഈ കൃതി വിശദീകരിക്കുന്നു ഒരു ലോകഭാഷയെ ഒരു കൊച്ചു ഭാഷകൊണ്ട്‌ പ്രതിരോധിക്കുവാന്‍ ഏറെ സാദ്ധ്യതകളുണ്ടെന്ന്‌ ഈ കൃതിയിലൂടെയും സ്വന്തം സാംസ്‌കാരിക ജീവിതത്തിലൂടെയും ഗുകി കാണിച്ചുതരുന്നു. ഒരു ജനത അവരുടെ ഭാഷയില്‍ നിന്ന്‌ അകന്നു പോകുന്നതോടെ ഭൂതകാലം അവര്‍ക്ക്‌ നഷ്‌ട്ടപ്പെടുകയാണ്‌. ഭൂതകാലം നഷ്‌ടപ്പെടുകയെന്നാല്‍ വേരുകള്‍ ഇല്ലാതാകലാണ്‌. വേരുകളില്ലാതെ ഒരു വൃക്ഷത്തിനും നിലനില്‍ക്കാനാകാത്തതുപോലെ ഭൂതകാലത്തിന്റെ തുടര്‍ച്ചയെ നിഷേധിച്ചുകൊണ്ട്‌ ഒരു ജനതയ്‌ക്കും ദീര്‍ഘദൂരം സഞ്ചരിക്കാനാകില്ല. സാമ്രാജ്യത്ത്വത്തിന്റെ കടന്നുകയറ്റം ആഫ്രിക്കയുടെ സിരകളില്‍ നിന്നും വീറും ചൈതന്യവും ഊറ്റി യെടുക്കുന്നത്‌ കണ്ടപ്പോള്‍ ഗുഗിക്ക്‌ നിഷ്‌ക്രീയനായിരിക്കാന്‍ കഴിഞ്ഞില്ല. ഗുകി എഴുതുന്നത്‌ നോക്കുക. ``ആഫ്രിക്കന്‍ ഭാഷയായ, കെനിയന്‍ ഭാഷയായ, ഗികുയുവിലുള്ള എന്റെ എഴുത്ത്‌ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള കെനിയയിലെയും ആഫ്രിക്കയിലെ മുഴുവന്‍ ജനങ്ങളുടെയും പോരാട്ടത്തിന്റെ അഭിവാജ്യഘടകമാണ്‌. വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും ഞങ്ങളുടെ കെനിയന്‍ഭാഷകളെ പിന്നോക്കത്തിന്റെയും അവികസനത്തിന്റയും അവഹേളനത്തിന്റെയും പീഡനത്തിന്റെയും നിഷേധാത്മ ഗുണവിശേഷങ്ങളായി ബന്ധിപ്പിച്ചിരിക്കുന്നു. സാമ്രാജ്യത്വ സമൂഹവും അവരുടെ ചരിത്രവും അടിച്ചേല്‍പ്പിച്ച വെറുപ്പിന്റെ പാരമ്പര്യത്തില്‍ കെനിയന്‍ കുട്ടികള്‍ വളരുന്നത്‌ കാണാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല ''. ഗുഗി സ്വന്തം ഭാഷയിലേക്ക്‌ മടങ്ങിയത്‌ എന്തുകൊണ്ടെന്നതിന്റെ ലളിതമായ വിശദാകരണമാണിത്‌. സ്വന്തം ഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വളര്‍ന്നുവരുന്ന കുട്ടികളുടെ തലമുറ അകന്നു പോകുന്നത്‌ അപകടമാണെന്ന്‌ ഗുഗി മനസ്സിലാക്കി. അതിന്റെ ഫലമായിരുന്നു ഗികുയുവിലേക്കുള്ള മടക്കം. ഇത്‌ വലിയൊരു പ്രതീകാത്മക പോരാട്ടം കൂടിയായിരുന്നു.ലോകമെമ്പാടും ഇത്തരത്തിലുള്ള ചെറുത്തുനില്‍പിന്റെ ശ്രമങ്ങള്‍ രൂപപ്പെടുന്നുണ്ട്‌ അതിന്റെ ശക്തമായ സാന്നിദ്ധ്യം കേരളത്തിലുമുണ്ടായിക്കഴിഞ്ഞു. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്‌ഭാഷ ഉപയോഗിച്ച്‌ ചെയ്യാവുന്ന എല്ലാകാര്യങ്ങളും മലയാളത്തിലും ചെയ്യാന്‍ അവസരമൊരുങ്ങുന്നത്‌ ശുഭകരമാണ്‌. മലയാളം യൂണികോഡുപയോഗിച്ച്‌ എവിടേക്കുംും സന്ദേശങ്ങള്‍ കൈമാറാനും ഇത്‌ അവസരമൊരുക്കുന്നു. എന്നാല്‍ ആശയവിനിമയത്തിന്‌ മലയാളം ഉപയോഗിക്കാന്‍ അവസരം ലഭ്യമാകുന്നു എന്നതിനപ്പുറം ഭാഷയുടെ ചരിത്രപരവും സാംസാകാരികവും അതിജീവനവുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക്‌ ഈ പ്രോജക്‌ടിനെ വളര്‍ത്തിക്കൊണ്ടു വരാന്‍ ഇനിയും ശ്രമങ്ങള്‍ വേണ്ടിയിരിക്കുന്നു. അപ്പോഴാണ്‌ അതിന്‌ പ്രതിരോധത്തിന്റെയും നിലനില്‌പിന്റെയും ഭാഷാസ്‌നേഹത്തിന്റെയും തിളക്കവും ശക്തവുമായ മാനം ലഭിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ