മകന്റെ നെറുകയില്‍ അവസാനത്തെ ചുംബനം നല്‍കുമ്പോള്‍ കണ്ണുകള്‍ നിറയാതിരിക്കാന്‍ അരുന്ധതി പണിപ്പെട്ടു. അമ്മയുടെ മുഖത്തെ അസാധാരണത്വം കണ്ട കുട്ടിയുടെ ആശങ്ക ഒരു ചുംബനമായി അമ്മയിലേക്ക് പടര്‍ന്നു. കാര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അച്ഛന്റെ ചുമലിലേക്ക് കുട്ടി അറിയാതെ ചാരി. പിതൃത്വത്തിന്റെ നിറവില്‍ ഡോക്ടര്‍ പ്രവീണ്‍നാരായണ്‍ അവനെ തന്നോട് ചേര്‍ത്തു പിടിച്ചു.
''അച്ഛാ-''
അയാളുടെ നോട്ടത്തിലെ താല്പര്യമില്ലായ്മ കണ്ടിട്ടാകാം കുട്ടി പൊടുന്നനെ നിര്‍ത്തി.
ഭയപ്പെട്ടെന്നോണം പിന്നിലേക്കോടിമറയുന്ന കാഴ്ചകളില്‍ നിന്ന് ദൃഷ്ടിമാറ്റി അയാള്‍ ഏതോരോഗാതുരസ്വപ്നങ്ങളില്‍ വ്യാപൃതനായി.
എന്നു മുതലാണ് തന്റെ സ്വപ്നങ്ങളില്‍ രോഗനീലിമ പടര്‍ന്നത്?
എത്രയോ പേരുടെ ഹൃദയങ്ങള്‍ ഈ കൈകളിലിരുന്ന് മിടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്, ഹൃദയത്തിലെവിടെയാണ് സ്‌നേഹത്തിന്റെ കോശസ്തരം.
ഓരോ ശസ്ത്രക്രീയാവേളയിലും സ്‌നേഹത്തിന്റെ ന്യൂറോണുകള്‍ എവിടെയെന്നന്വേഷിക്കുന്ന ഒരേയൊരു കാര്‍ഡിയോളജിസ്റ്റ്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് തനിക്കെന്തോ തകരാറ് പറ്റിയിട്ടില്ലേ?
''അച്ഛാ, ഇന്നലെ ആനന്ദ് നല്ല ഫോമിലായിരുന്നു അല്ലേ.''
''ഉം.'' അവനെപ്പോഴും വിശ്വനാഥ് ആനന്ദും കാസ്പറോവും കാര്‍പോവും മാത്രമേയുള്ളു. അവന്റെ ശിരസ്സ് സങ്കീര്‍ണ്ണമായൊരു ചെസ്സ്‌ബോര്‍ഡാണ്. അവിടെ സദാ തന്ത്രപരമായ നീക്കങ്ങളും വെട്ടിമാറ്റലുകളും നടന്നുകൊണ്ടിരിക്കുന്നു.
വാഹനം കണ്ണില്‍ നിന്നു മറഞ്ഞിട്ടും അരുന്ധതി തിരികെ നടന്നില്ല. ഏഴുവര്‍ഷമായുള്ള മാതൃത്വത്തിന്റെ നിലയ്ക്കാത്ത പ്രവാഹം ഇതോടെ അസ്തമിക്കുകയാണ്. കഴിഞ്ഞ രാത്രിമുഴുവന്‍ അവര്‍ ഉറങ്ങിക്കിടന്ന മകനെ കെട്ടിപ്പിടിച്ചുകരയുകയായിരുന്നു. സ്വസ്ഥമായുറങ്ങിയിട്ട് ആഴ്ചകളോളമായിരിക്കുന്നു. കുറെ ദിവസങ്ങളായി കണ്ണടയ്ക്കുമ്പോഴേയ്ക്കും ദുഃസ്വപ്നങ്ങളുടെ കടലിരമ്പം. ഒന്നുമറിയാതെ പാവം മകന്‍. അവന്റെ മനസ്സില്‍ എപ്പോഴും കറുപ്പും വെളുപ്പും തമ്മിലുള്ള നിലയ്ക്കാത്ത സമരം. കുതിരയുടെ കുതിപ്പ്. തേരിന്റെ നേര്‍വേഗം. ആനയുടെ കോണിപ്പുകള്‍. കാലാളിന്റെ വീഴ്ചകള്‍. രാജാവിന്റെ തടവറ... പിന്നെ വര്‍ണ്ണങ്ങളുടെ ആകാശമേളനം.
കൊല്‍ക്കത്തയില്‍ വച്ചുനടന്ന ദേശീയ ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് തിരികെവന്നപ്പോഴാണ് നിര്‍ജ്ജീവ വസ്തുക്കള്‍ പോലെ തൂങ്ങിയാടുന്ന മെല്ലിച്ച കാലുകളില്‍ നോക്കി അവന്‍ ആദ്യമായി ചോദിച്ചത് ''ആരുടെ പാപമാണമ്മേ ഇതിങ്ങനെയാകന്‍?''
അവന്റെ മുന്നില്‍ വച്ച് ആദ്യമായി കണ്ണീരൊഴുക്കിയത് അന്നാണ്. ഓര്‍മ്മയായതു മുതല്‍ അവന്‍ മനസ്സില്‍ സൂക്ഷിച്ച ചോദ്യമായിരിക്കാമത്. വീല്‍ചെയര്‍ സമീപത്തേക്കുരുട്ടി, നിലത്തിരുന്ന തന്റെ ശിരസ്സ് മടിയില്‍ ചേര്‍ത്ത് തലോടി അവന്‍ ആശ്വസിപ്പിക്കുമ്പോള്‍ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലായി. അവന്റെ ഊഷ്മളമായ തലോടല്‍ ഒരമ്മയുടെ സ്വാന്ത്വനം പോലെ തന്നിലേക്ക് പെയ്തിറങ്ങി.
ആഴ്ചകള്‍ക്കുമുമ്പേ വരച്ചുതുടങ്ങിയ പ്രോട്ടോണ്‍കണ്ണ് എന്ന ചിത്രം അന്നുരാത്രിയാണവന്‍ പൂര്‍ത്തിയാക്കിയത്. ആറ്റത്തിന്റെ രൂപഘടനകൊണ്ട് സൃഷ്ടിച്ച ഒരു ഗുഹ. വലയങ്ങളായി അനന്തതയിലേക്ക് നീങ്ങുന്ന ഗുഹയ്ക്കുള്ളിലേക്ക് ഏതോ കാന്തികബലത്താലെന്നപോലെ പിടിച്ചെടുക്കപ്പെട്ട ഒരു കണ്ണ്. രക്ഷപ്പെടാനുള്ള വ്യഗ്രതയ്ക്കിടയില്‍ വിണ്ടുകീറിത്തുടങ്ങിയ കൃഷ്ണമണി. ഗുഹാമുഖത്തിനുചുറ്റും ഇരുണ്ട വര്‍ണങ്ങളുടെ ക്രമരഹിതമേളനം. എന്തോ അകാരണമായ ഒരു ഭയം ആ ചിത്രം തന്നിലുണര്‍ത്തിയത് അരുന്ധതി ഓര്‍ത്തു. പ്രോട്ടോണ്‍കണ്ണ് എന്ന വിചിത്രമായ പേരിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നിശ്ശബ്ദമായ ഒരു മന്ദഹാസം മാത്രമായിരുന്നു അവന്റെ മറുപടി.
മകനോടൊപ്പമിരുന്ന് സല്ലപിക്കാന്‍ സ്വകാര്യനിമിഷങ്ങള്‍ ലഭിക്കുമായിരുന്നില്ലെങ്കിലും ഡോക്ടര്‍ പ്രവീണ്‍ നാരായണ്‍ അവന്റെ കാര്യങ്ങള്‍ക്ക് കുറവ് വരുത്തിയില്ല. പക്ഷേ അയാളുടെ മനസ്സിലെവിടെയോ അവനുവേണ്ടി തുറക്കാത്ത ഒരു വാതിലുണ്ടെന്ന് അരുന്ധതിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറുകണക്കിന് രോഗികളുടെ ഹൃദയതാളങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവീണിന്റെ നോട്ടത്തില്‍ ഒരു കൈപ്പിഴയുടെ സന്ദേഹം നിറഞ്ഞിരുന്നില്ലേ? പക്ഷേ അയാളുടെ ആജ്ഞാശക്തിക്കു മുന്നില്‍ അവളെപ്പോഴും നിശബ്ദയായിരുന്നു.
കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പറയുന്ന രീതി പണ്ടേ ഡോക്ടര്‍ പ്രവീണിനില്ല. അയാളെക്കുറിച്ച് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമുള്ള ഒരേ ഒരു പരാതി അതുമാത്രമാണ്. എന്തും വെട്ടിത്തുറന്നു പറയുക. രോഗിയുടെ ആയൂര്‍ദൈര്‍ഘ്യംപോലും. അതേക്കുറിച്ച് പരാതിപ്പെടുമ്പോള്‍ അയാള്‍ പറയും, ''സത്യത്തിന് ശിരോവസ്ത്രമില്ല.'' അരുന്ധതിയോടും അയാള്‍ ആ പരുക്കന്‍ രീതിയിലാണ് കാര്യം അവതരിപ്പിച്ചത്. വല്ലപ്പോഴും കഴിക്കുന്ന മദ്യത്തിന്റെ ആലസ്യത്തിലായിരുന്നില്ല അന്നയാള്‍ സംസാരിച്ചത്.
അന്നുണ്ടായ നടുക്കത്തില്‍നിന്ന് ഇപ്പോഴുമവള്‍ മുക്തയല്ല. ഒരിക്കലും മുക്തി ലഭിക്കുകയില്ലെന്നും അവള്‍ക്കറിയാം.
അവളുടെ മനസ്സില്‍ വീണ്ടും മകന്റെ മുഖം തെളിഞ്ഞു. ഡ്രൈവര്‍ വീല്‍ചെയറില്‍ നിന്നും കാറിലേക്ക് അവനെ എടുത്തിരുത്തുമ്പോള്‍ ഡോക്ടര്‍ പ്രവീണ്‍ നാരായണ്‍ മുഖം തിരിച്ച് മാറിനിന്നതിന്റെ പിന്നിലെ വികാരം എന്തായിരിക്കും?
അവളുടെ കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു.
ഒരിക്കലും മായാത്ത ചിരിനിറഞ്ഞ മകന്റെ മുഖം. എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന അവന്റെ ജൈത്രയാത്ര. ഏഴുവയസ്സിനുള്ളില്‍ ചെസ്സുകളിയില്‍ ദേശീയചാമ്പ്യന്‍, ചിത്രരചനയില്‍ ആര്‍ട്ട് ലവേഴ്‌സ് എന്ന രാജ്യാന്തര സംഘടനയുടേതടക്കം നിരവധി ബഹുമതികള്‍. മത്സരങ്ങള്‍... പരീക്ഷകള്‍... തോല്‍വിയറിയാത്ത യാത്ര. പക്ഷേ-
പക്ഷേ അരയ്ക്കു താഴെ പൂര്‍ണ്ണമായും തളര്‍ന്നുപോയ ഒരു മകന്‍ ഇതിലധികം നേടിയാലും സന്തോഷിക്കാന്‍ കഴിയുന്നതെങ്ങനെ?
വിധിയുടെ ദയാരാഹിത്യത്തിന് അരുന്ധതി പൂര്‍ണ്ണമായും കീഴടങ്ങുകയായിരുന്നു. പക്ഷേ ഡോക്ടര്‍ പ്രവീണ്‍നാരായണ്‍-
മകന്റെ പിറവിക്കുശേഷം ആരോടൊ ഉള്ള വാശിതീര്‍ക്കാനെന്നവണ്ണമാണ് അയാളുടെ ജീവിതം.
'അച്ഛാ, തിരികെ വരുമ്പോള്‍ വാട്ടര്‍ കളര്‍ വാങ്ങാന്‍ മറക്കരുത്!'
മകന്റെ വാക്കുകള്‍ അയാളെ ചിന്തയുടെ ലോകത്തുനിന്നും തിരിച്ചു കൊണ്ടുവന്നു. അച്ഛന്റെ മുഖത്ത് എന്തൊക്കെയോ സന്ദേഹങ്ങള്‍ കണ്ടിട്ടാകാം കുട്ടി ചോദിച്ചു. 'അച്ഛാ, എന്തുപറ്റി?'
അയാള്‍ ഒന്നുമില്ലെന്നഭാവത്തില്‍ കണ്ണുകളടച്ചു. പിന്നെ മകന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പെട്ടെന്നുണ്ടായ വികാരത്തള്ളലില്‍ അവനെ മാറോട് ചേര്‍ത്തുപിടിച്ച് കവിള്‍ത്തടത്തില്‍ ചുംബിച്ചു. അതിന്റെ അസ്വാഭികതയില്‍ കുട്ടി അമ്പരന്നിരിക്കവേ, തന്റെ നിറഞ്ഞ കണ്ണുകള്‍ കുട്ടികാണാതിരിക്കാന്‍ അയാള്‍ പുറത്തേക്ക് മുഖം തിരിച്ചു.
കാര്‍ നഗരത്തിന്റെ തിരക്കിലേക്ക് പ്രവേശിച്ചു.
പ്രദര്‍ശനഹാളിന്റെ കവാടത്തിനിരുവശവും അതിസുന്ദരികളായ രണ്ടു യുവതികള്‍ നില്പുണ്ട്. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ശിരസ്സുകുനിച്ച് അവര്‍ സ്വാഗതമോതും. ആ മുഖത്തേക്കൊന്നു നോക്കിയാല്‍ അവര്‍ വശ്യമായൊരു പുഞ്ചിരി നിങ്ങള്‍ക്കു സമ്മാനിക്കും. നിങ്ങള്‍ ഒരു നിമിഷം സദാചാരവിരുദ്ധമായൊന്നു ചിന്തിച്ചുനോക്കൂ. നിങ്ങളുടെ മുഖത്തെ ഭാവവ്യത്യാസങ്ങളില്‍ നിന്ന് - അത് നേരിയതാണെങ്കില്‍കൂടി- ഉടനവര്‍ പിടിച്ചെടുക്കും. പൊടുന്നനെ അവര്‍ പ്രതിരോധത്തിന് തയ്യാറെടുക്കുകയായി. അറിയാത്ത ഭാവം നടിച്ച് നിങ്ങള്‍ ആ ശരീരത്ത് ഒന്ന് തൊട്ടുനോക്കൂ. ശക്തിയായ ഷോക്കേറ്റ് നിങ്ങളുടെ കൈ തെറിക്കും. കന്യകാത്വം നഷ്ടപ്പെടുത്താനിഷ്ടപ്പെടാത്ത ഈ കമ്പ്യൂട്ടര്‍ ഗേള്‍സിനെ മിശ്രയുടെ കമ്പനിയിലെ ശാസ്ത്രജ്ഞന്മാര്‍ തന്നെയാണ് രൂപപ്പെടുത്തിയത്. കമാനം കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചാല്‍ വിശാലമായ വിശ്രമമുറിയാണ്. അരണ്ട വെളിച്ചവും വീണയുടെയോ പുല്ലാങ്കുഴലിന്റെയോ നേര്‍ത്ത നാദവും അവിടെ സദാ നിറഞ്ഞു നില്‍ക്കും. അവിടേക്ക് കടന്നാല്‍ ഏതോ ഒരതീന്ദ്രിയലോകത്തെത്തുന്ന പ്രതീതിയാണുണ്ടാകുന്നതെന്ന് പലരും മിശ്രയോട് പറയുമ്പോള്‍ അയാള്‍ വിനയാന്വിതനായി ഒന്നു ചിരിക്കും- എല്ലാം ദൈവത്തിന്റെ കൃപ എന്ന ഭാവത്തില്‍.
തെന്നിനീങ്ങാന്‍ ഒരിടമില്ലാതെ പരസ്പരം കെട്ടുപിണഞ്ഞ് ഉച്ഛ്വാസവായുവിന്റെ കനച്ചഗന്ധത്തില്‍ തിരികെടാന്‍ വെമ്പുന്ന നക്ഷത്രത്തിന്റെ അവസാന കണികയെ പിടിച്ചുനിര്‍ത്താന്‍ വെമ്പി അവര്‍ കിടന്നു - ഒരു ഗ്യാസ് ചേമ്പറിലെന്നപോലെ. നിര്‍ജ്ജീവമായ കാലുകള്‍ക്ക് മുകളില്‍ തടിച്ചുവീര്‍ത്ത ഉദരം വിശ്രമിച്ചു. ഇനിയും കഴുത്തുറയ്ക്കാത്ത കുഞ്ഞുങ്ങള്‍ അമ്മിഞ്ഞപ്പാലിനുവേണ്ടി ആരുടെയൊക്കെയോ കാല്‍വിരലുകള്‍ ഈമ്പി. മരണത്തിന്റെ അതിര്‍വരമ്പില്‍ നിന്ന് വിധി വൈപരീത്യത്താല്‍ ജീവിതത്തിലേക്ക് ശിക്ഷിക്കപ്പെട്ട എട്ടുവയസ്സുകാരന്‍ തന്റെ മുകളിലേക്ക് അപ്പോള്‍ എടുത്തെറിയപ്പെട്ട ഏതോ പാഴ്ജീവിതത്തിന്റെ ഭാരംകൊണ്ട് അവസാനമായി പിടഞ്ഞു. ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വായില്‍നിന്നുതിര്‍ന്ന നുരയും പതയും മൂന്നുമാസക്കാരന്‍ നുണഞ്ഞു. ആര്‍ത്തനാദങ്ങള്‍. ഒരിറ്റു ജലത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത നിലവിളി. ഞരക്കങ്ങള്‍. നിശ്വാസങ്ങള്‍... ഒന്നും പുറത്തുവരാത്തത്ര സുരക്ഷിതത്വത്തോടെ യാണ് കലാകാരനായ മിശ്ര ഗോഡൗണ്‍ പണിഞ്ഞിരിക്കുന്നത്.
പുതിയസ്റ്റോക്ക് ധാരാളമായെത്തിയിരിക്കുന്നു. എക്‌സ്‌ചേഞ്ച് മേളയിലെ തിരക്ക് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്ലോണ്‍ ശിശുക്കള്‍ക്ക് വന്‍ഡിമാന്റ്. മേള മുന്നറിയിപ്പില്ലാതെ അവസാനിക്കും. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടുദിവസം കൂടി നീട്ടിയിരിക്കുന്നു. മേള നാളെ അവസാനിക്കും. ഇന്നവസാനം....
പരസ്യവും വിപണനവും തമ്മിലുള്ള മാന്ത്രിക ഉടമ്പടി മിശ്രയ്ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ സാധ്യതകള്‍ അയാള്‍ പരമാവധി ഉപയോഗിക്കുകതന്നെ ചെയ്തു. തനിക്കീ ബിസിനസ്സ് ലാഭത്തിനുള്ള ഉപാധിയല്ലെന്ന് അയാള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. മറിച്ച് ഏറ്റവും മഹത്തായ ഒരു സാമൂഹ്യസേവനമാണ്. രാജ്യമാസകലം വ്യാപിച്ചുകിടക്കുന്ന വമ്പന്‍ വ്യാപാരശൃംഖലയിലേക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ടയാള്‍ പറയും ''ലാഭത്തിനാണെങ്കില്‍ എന്റെ സമയം ഇതിനല്ല വിനിയോഗിക്കേണ്ടിയിരുന്നത്.''
കവാടത്തിനുമുന്നില്‍ നിശ്ചലമായ റോള്‍സ് റോയ്‌സില്‍ നിന്നും പ്രവീണ്‍നാരായണ്‍ പുറത്തേക്കിറങ്ങി. അയാള്‍ നേരെ ഉള്ളില്‍ കടന്ന് കൗണ്ടറിലേക്ക് നീങ്ങി. റോബോട്ട്മിശ്ര പതിവിന് വിപരീതമായി തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് പ്രവീണ്‍നാരായണിന് ഹസ്തദാനം നല്‍കി. അസാധാരണമായ ഒരു പുഞ്ചിരി അയാളുടെ മുഖത്ത് വിടര്‍ന്നു. എല്ലാം നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. പേപ്പറുകള്‍ അതിവേഗം ഒപ്പിട്ട് നല്‍കി ചെക്ക് കൈമാറുമ്പോള്‍ മിശ്രയുടെ മുഖത്ത് തെളിഞ്ഞ സംതൃപ്തി പൊടുന്നനെ നിസ്സംഗതയാക്കി മാറ്റാന്‍ അയാള്‍ പണിപ്പെട്ടു.
പ്രവീണ്‍ നാരായണ്‍ കാറിനടുത്തേക്ക് നടന്നു. ഡോര്‍ തുറന്നുപിടിച്ചു. കാറിനടുത്തേക്ക് കൊണ്ടുവന്ന വീല്‍ചെയറിലേക്ക് മകന്റെ ശരീരം താങ്ങിയിരുത്തി. അവന്റെ മുഖത്ത് തെളിഞ്ഞുനിന്ന ജ്ഞാനതേജസ്സുകണ്ട് ഒരു നിമിഷം എല്ലാവരും നിശ്ശബ്ദരായി. പ്രവീണ്‍ നാരായണ്‍ അവനോട് സ്‌നേഹപൂര്‍വ്വം മന്ത്രിച്ചു. ''നോക്കൂ കുട്ടാ, രണ്ടു ദിവസത്തെ ട്രെയിനിംഗാണ്. ലോകചെസ്സ് രംഗത്തെ ഗ്രാന്റ്മാസ്റ്റര്‍ മാരാണ് ക്ലാസ്സ് നയിക്കുന്നത്. നിനക്കുവേണ്ടി മാത്രം അച്ഛന്‍ വരുത്തിയതാണവരെ. ചെസ്സ്‌കളിയുടെ അവസാന നിഗൂഢതകളും നിനക്കനാവരണം ചെയ്തു തരും അവര്‍. ട്രെയിനിംഗ് കഴിഞ്ഞാല്‍ അച്ഛന്‍ വന്ന് കൂട്ടിക്കൊണ്ടു പോകാം.''
''അച്ഛാ-'' ഏതോ ആശങ്കയുടെ നിവാരണത്തിനായുള്ള അവന്റെ ശ്രമത്തെ തടസ്സപ്പെടുത്തി അയാള്‍ തുടര്‍ന്നു;
''നോക്കൂ, അടുത്തയാഴ്ച നടക്കുന്ന ഇന്റര്‍നാഷണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പോടെ എതിരാളികളില്ലാത്ത ഗ്രാന്റ്മാസ്റ്ററാകും നീ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്പര്‍മാന്‍.'' പറഞ്ഞു നിര്‍ത്തിയതും വീല്‍ചെറുമായി നിന്നവരെ നോക്കി പ്രവീണ്‍ നാരായണ്‍ തിടുക്കത്തില്‍ പറഞ്ഞു. ''ഓ.കെ.''
വീല്‍ചെയര്‍ ഉള്ളിലേക്ക് നീങ്ങി. ഗോഡൗണിന്റെ ഇരുമ്പുവാതിലിനു മുന്നില്‍ അതു നിന്നു. വാതില്‍ തുറക്കപ്പെട്ടു. ഡോക്ടര്‍ പ്രവീണ്‍ നാരായണിന്റെ മകന്‍ ഏതൊക്കയോ അഭിശപ്ത ജന്മങ്ങളുടെ മേലേക്ക് ഊക്കോടെ പതിച്ചു. ഒരാര്‍ത്തനാദം ഉച്ചസ്ഥായിയിലേക്ക് നീങ്ങി. വാതില്‍ അടക്കപ്പെട്ടു.
പ്രവീണ്‍നാരായണ്‍ ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ വിസിറ്റേഴ്‌സ് റൂമിലേക്കു നടന്നു. അല്പനേരം വിശ്രമിക്കണം. ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴലിന്റെ മന്ദഗതിയില്‍ കുറച്ചു നേരം ലയിച്ചിരുന്നു.
മുന്നിലെത്തിയ സെയില്‍സ്‌ഗേളിന്റെ നേര്‍ത്ത ശബ്ദമാണയാളെ ഉണര്‍ത്തിയത്. ഒരു നീലക്കാര്‍ഡ് നല്‍കിക്കൊണ്ടവള്‍ പറഞ്ഞു. ''പതിനാലാം നമ്പര്‍ കൗണ്ടര്‍.''
ഏതോ അവ്യക്തമായ ഒരു ഭാരത്തെ അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടയാള്‍ പതിനാലാം നമ്പര്‍ കൗണ്ടറിലേക്ക് നീങ്ങി. വി.ഐ.പി ക്യാബിനാണത്. കണ്ണാടിച്ചുവരുകള്‍ കൊണ്ട് അത് വേര്‍തിരിച്ചിരിക്കുന്നു. ഒരാള്‍ക്ക് മാത്രമേ ഒരു സമയം അതിലേക്ക് പ്രവേശനമുള്ളൂ. പ്രവീണ്‍ നാരായണിനെ കാത്തെന്നപോലെ മിശ്ര വാതില്ക്കലുണ്ടായിരുന്നു. അയാള്‍ വിനയപൂര്‍വ്വം ശിരസ്സുകുനിച്ച് ഡോക്ടറെ അകത്തേക്ക് ക്ഷണിച്ചു.
മേശപ്പുറത്ത് വെല്‍വെറ്റ് കൊണ്ടലംകൃമായ മനോഹരമായ ബാസ്‌കറ്റിനുള്ളില്‍ പ്രശാന്തമായുറങ്ങുന്ന ഒരാണ്‍കുഞ്ഞ്!
പിതൃത്വത്തിന്റെ ആദ്യനിറവ് ഡോക്ടര്‍ പ്രവീണ്‍നാരായണില്‍ വീണ്ടുമുണര്‍ന്നു. അയാള്‍ നന്ദിപൂര്‍വ്വം മിശ്രയുടെ മുഖത്തേക്ക് നോക്കി.
''സര്‍, അങ്ങേക്കിനിയൊരിക്കലും ദുഃഖിക്കേണ്ടിവരില്ല. മൂന്നേ മൂന്ന് ടെസ്റ്റ് ട്യൂബ് ശിശുക്കളാണ് ഈ മേളയിലുണ്ടായിരുന്നത്. ലോകപ്രശസ്തനായ ഒരു സാമ്പത്തികശാസ്ത്രജ്ഞനും യൂറോപ്യന്‍ ലോകത്തെ നിത്യവിസ്മയമായറിയപ്പെടുന്ന ഒരു ഗായികയുമാണ് ഇവനില്‍ മേളിച്ചിരിക്കുന്നത്. ഇവന്‍ സാറിന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളരും. തീര്‍ച്ച.'' മിശ്ര അഭിമാനപൂര്‍വ്വം പറഞ്ഞു. ''ഇവന്‍ ലോകത്തിനു തന്നെ മുതല്‍ക്കൂട്ടായിരിക്കും.''
പ്രവീണ്‍നാരായണ്‍ പ്രത്യാശയോടെ മിശ്രയേയും കുഞ്ഞിനേയും മാറി മാറി നോക്കി. മിശ്ര തുടര്‍ന്നു; ''അങ്ങയെപ്പോലുള്ള ചിലര്‍ പ്രായോഗികമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ലോകത്തിലിനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്.''
ഈ കുഞ്ഞിനെ പ്രവീണ്‍നാരായണിനുവേണ്ടി മാറ്റിവച്ചതില്‍ തനിക്ക് പലരുടെയും അപ്രീതി സമ്പാദിക്കേണ്ടി വന്നിട്ടുണ്ടെന്നും അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും സൂചിപ്പിച്ചുകൊണ്ട് മിശ്ര ബാസ്‌കറ്റ് പ്രവീണ്‍ നാരായണിന് കൈമാറി. അയാള്‍ ശ്രദ്ധാപൂര്‍വ്വം ബാസ്‌കറ്റുമായി പുറത്തേക്കിറങ്ങുമ്പോള്‍, ചുണ്ടില്‍ ഗൂഡമായൊരു പുഞ്ചിരിയുമായി മിശ്ര വേഗം തന്റെ മൊബൈല്‍ ഫോണെടുത്ത് ബട്ടണമര്‍ത്താന്‍ തുടങ്ങുമ്പോള്‍ -
എവിടെ നിന്നോ ഒരു നിലവിളി കിതച്ച് കിതച്ച് നേര്‍ത്ത് നേര്‍ത്ത് പ്രവീണ്‍ നാരായണിന്റെ കാല്‍ചുവട്ടില്‍ വന്ന് നമിച്ചുവീണു.
(2004)
2009, സെപ്റ്റംബർ 26, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ